ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി ധനേഷ് കുടുംബവുമായി സംസാരിച്ചു

ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലെ മലയാളി ധനേഷ് കുടുംബവുമായി സംസാരിച്ചു. വയനാട് സ്വദേശിയായ ധനേഷ് അമ്മയുടെ ഫോണിൽ വിളിച്ച് താൻ സുരക്ഷിതനാണെന്ന് അറിയിച്ചു. വയനാട് പാൽവെളിച്ചം സ്വദേശിയാണ് ധനേഷ്.ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ധനേഷ് ഉൾപ്പടെ മൂന്ന് മലയാളികളാണുള്ളത്. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ് എന്നിവരാണ് മറ്റുള്ളവർ.
കപ്പലിലെ സെക്കൻഡ് എൻജിനീയർ ആണ് ശ്യാംനാഥ്. സംഭവത്തിനുശേഷം ഇദ്ദേഹവും വീട്ടിൽ ബന്ധപ്പെട്ടിരുന്നു. എട്ടു വർഷമായി ഇതേ കപ്പലിൽ ജീവനക്കാരനാണ് പാലക്കാട് സ്വദേശി സുമേഷ്. എന്നാൽ ഇദ്ദേഹവുമായി ഫോണിൽ ബന്ധപ്പെടാൻ കുടുംബത്തിനായിട്ടില്ല.കഴിഞ്ഞ ദിവസമാണ് ഇറാൻ റെവല്യൂഷനറി ഗാർഡ് ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലായ എം.എസ്.സി ഏരീസ് നിയന്ത്രണത്തിലാക്കിയത്. ജീവനക്കാരുടെ മോചനത്തിനായി ഇന്ത്യൻ സർക്കാർ നയതന്ത്ര മാർഗങ്ങളിലൂടെ ഇറാനിയൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.