തിരുവനന്തപുരത്തെ പ്ളാസ്‌റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം, അഗ്നിരക്ഷാ സേനയുടെ 12 യൂണിറ്റുകൾ സ്ഥലത്ത്

Jun 25, 2024 - 08:19
Jun 25, 2024 - 08:20
 0
തിരുവനന്തപുരത്തെ പ്ളാസ്‌റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം, അഗ്നിരക്ഷാ സേനയുടെ 12 യൂണിറ്റുകൾ സ്ഥലത്ത്

കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം. ഇന്‍ഡസ്ട്രിയല്‍ ഫാക്ടറിക്ക് അടുത്തുള്ള സൂര്യ പാക്‌സ് എന്ന പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെളുപ്പിനു നാലരയോടെയാണ് തീപിടിത്തമുണ്ടായത്. 12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇപ്പോൾ തീ നിയന്ത്രണ വിധേയമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. മുൻവശത്തെ തീ പൂർണമായും അണച്ചു. പിൻവശത്തെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

പുലർച്ചെ 3.30 ഓടെയാണ് തീപിടിത്തം ഉണ്ടായത് എന്നാണ് അനുമാനം. സുരക്ഷാ ജീവനക്കാരാണ് തീപിടിത്തം പൊലീസിനെ അറിയിച്ചത്. പൊലീസ് അറിയിച്ചതിനെ തുടർന്നാണ് സംഭവസ്ഥലത്തേക്ക് ഫയർഫോഴ്സെത്തിയത്. മേൽക്കൂര അടക്കം താഴേയ്ക്ക് വീഴാൻ സാദ്ധ്യതയുള്ളതിനാൽ ഉള്ളിലേക്ക് കയറാനുള്ള ശ്രമം ഫയർഫോഴ്സ് ആദ്യമേ ഉപേക്ഷിച്ചു. പുറത്തുനിന്നാണ് വെള്ളം കെട്ടിടത്തിലേക്ക് പമ്പ് ചെയ‌്തത്.

ഫയർഫോഴ്സിന്റെ എൻഒസി കെട്ടിടത്തിൽ പാലിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വിശദമായ അന്വേഷണത്തിന് ശേഷമേ തീപിടിത്തത്തിന്റ കാരണം വ്യക്തമാവുകയുള്ളൂ.