മൊസാംബിക്കിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളിലെ തീവ്രവാദി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐസിസ്

ഇക്കഴിഞ്ഞ മെയ് 23നും, മെയ് 31നും ഇടയില്‍ 6 ക്രൈസ്തവ ഗ്രാമങ്ങളില്‍ നടന്ന 8 പേരുടെ ക്രൂരമായ കൊലപാതകത്തിന് പുറമേ, നിരവധി ഭവനങ്ങള്‍ അഗ്നിക്കിരയാക്കിയിരിന്നു. ശിരഛേദം ചെയ്യപ്പെട്ട 6 മൃതദേഹങ്ങളുടേയും, കത്തി ചാമ്പലായ വീടുകളുടേയും ഫോട്ടോകള്‍ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടിട്ടുണ്ടെന്നു ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ന്റെ (ഐ.സി.സി) റിപ്പോര്‍ട്ടില്‍ പറയുന്നു.

Jun 21, 2022 - 17:59
 0

തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ വിവിധ ക്രൈസ്തവ ഗ്രാമങ്ങളിലായി 8 പേര്‍ കൊല്ലപ്പെട്ട തീവ്രവാദി ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇസ്ലാമിക തീവ്രവാദി സംഘടനയായ ഐസിസ്. ഇക്കഴിഞ്ഞ മെയ് 23നും, മെയ് 31നും ഇടയില്‍ 6 ക്രൈസ്തവ ഗ്രാമങ്ങളില്‍ നടന്ന 8 പേരുടെ ക്രൂരമായ കൊലപാതകത്തിന് പുറമേ, നിരവധി ഭവനങ്ങള്‍ അഗ്നിക്കിരയാക്കിയിരിന്നു. ശിരഛേദം ചെയ്യപ്പെട്ട 6 മൃതദേഹങ്ങളുടേയും, കത്തി ചാമ്പലായ വീടുകളുടേയും ഫോട്ടോകള്‍ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടിട്ടുണ്ടെന്നു ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ന്റെ (ഐ.സി.സി) റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊസാംബിക്കിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള കാബോ ഡെല്‍ഗാഡോ പ്രവിശ്യയിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളാണ് നിഷ്ടൂരമായ തീവ്രവാദി ആക്രമണങ്ങള്‍ക്ക് ഇരയായത്. ഇതിനിടെ കാബോ ഡെല്‍ഗാഡോയിലെ അന്‍കുവാബെ ജില്ലയില്‍ ജൂണ്‍ 2-നും ജൂണ്‍ 9-നും ഇടയില്‍ നടന്ന ഏറ്റവും പുതിയ തീവ്രവാദി ആക്രമണ പരമ്പരയില്‍ 10,000-ത്തോളം പേര്‍ ഭവനരഹിതരായെന്നും, ഏറ്റവും ചുരുങ്ങിയത് നാല് പേരെങ്കിലും ശിരഛേദം ചെയ്യപ്പെട്ടതായും കണക്കാക്കപ്പെടുന്നു. പ്രകൃതി വാതകം, റൂബി, ഗ്രാഫൈറ്റ്, സ്വര്‍ണ്ണം തുടങ്ങിയ പ്രകൃതി സമ്പത്താല്‍ സമ്പുഷ്ടമാണ് കാബോ ഡെല്‍ഗാഡോ. എന്നാല്‍ ഇതില്‍ നിന്നുള്ള വരുമാനം മുഴുവനും ഭരണക്ഷിയായ ‘ഫ്രെലിമോ’യിലേക്കാണ് പോകുന്നത്.

വളരെ കുറച്ച് തൊഴിലവസരങ്ങള്‍ മാത്രമാണ് മേഖലയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യമാണ് ഇസ്ലാമിക് സ്റ്റേറ്റ് മുതലെടുത്തിരിക്കുന്നതെന്നു ബി.ബി.സി പറയുന്നു. ജെന്‍ഡര്‍, ചില്‍ഡ്രന്‍, സോഷ്യല്‍ വെല്‍ഫെയര്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഭവനരഹിതരായ കുട്ടികളുടെ എണ്ണം 3,70,000-ത്തില്‍ നിന്നും 4,00,000 ലക്ഷമായി ഉയര്‍ന്നു കഴിഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റും, വാഷിംഗ്ടണും മൊസാംബിക്കില്‍ ഒരു നിഴല്‍ യുദ്ധം നടത്തുവാന്‍ പദ്ധതിയിടുന്നുണ്ടെന്ന്‍ കരുതുന്നവരും കുറവല്ല. രാജ്യത്തെ തീവ്രവാദത്തിനെതിരായ പോരാട്ടത്തെ പിന്തുണക്കുന്നതിനായി ഇരുപത്തിനാലോളം രാഷ്ട്രങ്ങള്‍ തങ്ങളുടെ സൈന്യത്തെ മൊസാംബിക്കിലേക്ക് അയച്ചിട്ടുണ്ട്.

ആരേയും കൊല്ലില്ലെന്നും ഗ്രാമവാസികളെ സഹായിക്കുമെന്നും വിശ്വസിപ്പിച്ചുകൊണ്ട് രംഗത്തെത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ക്രിസ്ത്യന്‍ ഗ്രാമങ്ങളെ അഗ്നിക്കിരയാക്കുന്നതും, ക്രൈസ്തവരെ കൊലപ്പെടുത്തുന്നതും തുടരുകയാണ്. ഇക്കഴിഞ്ഞ ജനുവരി 13ന് സിറ്റേറ്റ് ഗ്രാമം ആക്രമിച്ച ഇസ്ലാമിക് സ്റ്റേറ്റ് 60 വീടുകളും, തൊട്ടടുത്ത ദിവസം 20 വീടുകളും അഗ്നിക്കിരയാക്കി. ജനുവരി 18-ന് ലിംവാലാംവാല ഗ്രാമത്തിലെ ഇരുന്നൂറോളം വീടുകള്‍ ഐസിസ് ജിഹാദികള്‍ അഗ്നിക്കിരയാക്കിയെന്നാണ് ഐ.സി.സി യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0