ഗാസയെ വളഞ്ഞ് 'ഐഡിഎഫ് ; വിജയം നേടാതെ പിന്മാറ്റമില്ലെന്ന് നെതന്യാഹു

Jul 2, 2024 - 12:02
 0

ഹമാസ് തീവ്രവാദികളെ തിരഞ്ഞ് ഗാസയെ ‘റ’ മാതൃകയില്‍ വളഞ്ഞ് ഇസ്രയേല്‍. തെക്കന്‍ ഗാസയില്‍ റഫയുടെ ഉള്‍മേഖലകളും വടക്കന്‍ ഗാസയിലെ ഷെജയ്യ പ്രദേശവത്തിലൂടെയുമായി ഇസ്രയേല്‍ പുതിയ യുദ്ധതന്ത്രം നടപ്പിലാക്കിയിരിക്കുന്നത്. ഈ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ഐഡിഎഫിന്റെ ഏറ്റവും ശക്തമായ സൈന്യനിര ഹമാസിനെ വേട്ടയാടുന്നത്.  

അതേസമയം, സെന്‍ട്രല്‍ റഫയിലെ അല്‍ ഔദ പള്ളിക്ക് സൈന്യം തീയിട്ടു. 2 ദിവസത്തിനകം ഇന്ധനമെത്തിയില്ലെങ്കില്‍ ഗാസയിലെ ശേഷിക്കുന്ന ആശുപത്രികളുടെയും പ്രവര്‍ത്തനം നിലയ്ക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി.

ഹമാസിന്റെ ഉന്മൂലനമല്ലാതെ മറ്റൊന്നും മുന്നിലില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നിലപാട് ആവര്‍ത്തിച്ചു. ഡസന്‍ കണക്കിനു ഹമാസുകാരെ ദിവസവും കൊന്നൊടുക്കുന്നതായും അന്തിമ വിജയം നേടാതെ പിന്മാറ്റമില്ലെന്നും നെതന്യാഹു കാബിനറ്റ് യോഗത്തില്‍ പറഞ്ഞു. ഷെജയ്യയിലും റഫയിലും ചെറുത്തുനില്‍പു ശക്തമായി തുടരുന്നുവെന്ന് ഹമാസും പ്രസ്താവിച്ചു.

ഇസ്രയേലിനെതിരെ ആയുധം എടുക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹമാസിനെയും ഹിസ്ബുള്ളയെയും ലക്ഷ്യമാക്കിയാണ് നെതന്യാഹു പുതിയ താക്കീത് നല്‍കിയിരിക്കുന്നത്.

ഗാസയില്‍ ഹമാസിനെതിരായ യുദ്ധത്തിന്റെ നിലവിലെ ഘട്ടം അവസാനിച്ചുകൊണ്ടിരിക്കുകയാണ്. ലെബനനിലെ ഹിസ്ബുല്ലയെ നേരിടാന്‍ കൂടുതല്‍ സൈനികരെ വടക്കന്‍ അതിര്‍ത്തിയില്‍ വിന്യസിക്കും. തെക്കന്‍ ഗാസ നഗരമായ റഫയില്‍ സൈന്യം നിലവിലെ കരയാക്രമണം പൂര്‍ത്തിയാക്കാനിരിക്കെ ഹമാസിനെതിരായ യുദ്ധം അവസാനിച്ചുകൊണ്ടിരിക്കുകയാണ്.

ഇനി ഗാസയില്‍ കുറച്ച് സൈനികരെ മാത്രമേ ആവശ്യമുള്ളൂ. ഹിസ്ബുല്ലയെ നേരിടാന്‍ സൈന്യത്തെ അവിടെനിന്ന് മോചിപ്പിക്കേണ്ടതുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. പതിനായിരക്കണക്കിന് കുടിയിറക്കപ്പെട്ട ഇസ്രായേലികളെ നാട്ടിലേക്ക് നെതന്യാഹു തിരിച്ചുവിളിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ 7ന് ആരംഭിച്ച ഗാസ ആക്രമണത്തിനു തൊട്ടുപിന്നാലെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയിരുന്നു. പല ഘട്ടങ്ങളിലും ഇരു സൈന്യവും തമ്മില്‍ തീവ്രമായ ഏറ്റുമുട്ടലുകള്‍ നടന്നു. ഹിസ്ബുള്ളയെ അവസാനിപ്പിക്കുമെന്നാണ് ഇസ്രയേല്‍ സൈന്യമായ ഐഡിഎഫും പറഞ്ഞിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0