അനാഥ കുട്ടികള്‍ക്കുള്ള സാധനങ്ങള്‍ എത്തിച്ചുകൊടുക്കവേ മിഷണറി പൈലറ്റിനെ തടങ്കലിലാക്കി

Dec 8, 2022 - 19:36
 0
അനാഥ കുട്ടികള്‍ക്കുള്ള സാധനങ്ങള്‍ എത്തിച്ചുകൊടുക്കവേ മിഷണറി പൈലറ്റിനെ തടങ്കലിലാക്കി

തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ അനാഥകുട്ടികള്‍ക്ക് വേണ്ടിയുള്ള അവശ്യ സാധനങ്ങള്‍ വിമാനത്തില്‍ എത്തിക്കവേ അറസ്റ്റിലായ മിഷ്ണറി പൈലറ്റിന് ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ പ്രാര്‍ത്ഥന സഹായം യാചിച്ച് മിഷന്‍ ഏവിയേഷന്‍ ഫെല്ലോഷിപ്പ് (എം.എ.എഫ്). കഴിഞ്ഞ മാസമാണ് എം.എ.എഫ് പൈലറ്റ്‌ റയാന്‍ കോഹറും രണ്ട് ദക്ഷിണാഫ്രിക്കന്‍ സന്നദ്ധ പ്രവര്‍ത്തകരും മൊസാംബിക്കില്‍ അറസ്റ്റിലായത്. റയാന്‍ കോഹര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, അദ്ദേഹത്തിന്റെ അറസ്റ്റ് അന്യായമാണെന്നും എം.എ.എഫ് പ്രസിഡന്റും, ‘സി.ഇ.ഒ’യുമായ ഡേവിഡ് ഹോള്‍സ്റ്റന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ക്രിസ്തുമസ് കാലത്ത് റയാന്‍ വീട്ടിലെത്തേണ്ടത് അദ്ദേഹത്തിന്റെ ഭാര്യയും, മക്കളും അര്‍ഹിക്കുന്ന കാര്യമാണെന്നും വടക്കന്‍ മൊസാംബിക്കിലെ അനാഥ കുട്ടികളെ സേവിക്കുന്ന സ്ഥാപനത്തിന് അദ്ദേഹം എത്തിക്കുവാന്‍ ശ്രമിച്ച സാധനങ്ങള്‍ ഏറെ ആവശ്യമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

2014 മുതല്‍ വര്‍ഷംതോറും മൊസാംബിക്കിലെ അനാഥാലയങ്ങള്‍ക്ക് വേണ്ടിയുള്ള അവശ്യ സാധനങ്ങള്‍ ചാര്‍ട്ടര്‍ ഫ്ലൈറ്റുകളില്‍ എത്തിച്ച് വരികയായിരുന്നു റയാന്‍. ജയിലില്‍ അടക്കപ്പെട്ട മൂന്ന്‍ പേരുടേയും പേരില്‍ പ്രത്യേക കുറ്റപത്രമൊന്നും ചാര്‍ജ്ജ് ചെയ്തിട്ടില്ലെങ്കിലും, വിമാനത്തിന്റെ ലക്ഷ്യസ്ഥാനം കാരണം, രാജ്യത്തിന്റെ വടക്ക് ഭാഗത്ത് നടന്നുകൊണ്ടിരിക്കുന്ന വിമത പ്രവര്‍ത്തനങ്ങളെ ഇവര്‍ സഹായിക്കുകയാണെന്ന് തെറ്റിദ്ധരിക്കുവാന്‍ സര്‍ക്കാര്‍ അധികാരികളെ പ്രേരിപ്പിച്ചുവെന്നാണ് കരുതപ്പെടുന്നത്. നവംബര്‍ 16-ന് എംബസി ഉദ്യോഗസ്ഥര്‍ ഇവരെ കാണുവാന്‍ ശ്രമിച്ചുവെങ്കിലും അനുവാദം ലഭിച്ചില്ലെന്നാണ് എം.എ.എഫ് പറയുന്നത്. റയാനെ മറ്റൊരു നഗരത്തിലെ സുരക്ഷ കൂടിയ ജയിലിലേക്ക് മാറ്റിയതായിട്ടാണ് പിന്നീട് അറിയുവാന്‍ കഴിഞ്ഞത്.

Mission group urges Christians to pray for release of missionary pilot, 2 volunteers imprisoned in Mozambique

തങ്ങളുടെ സേവനങ്ങളെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് മികച്ച സേവനങ്ങള്‍ ചെയ്യുന്നതിനായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുപ്പത്തിയൊന്നുകാരനായ റയാനും അദ്ദേഹത്തിന്റെ പത്നിയും മൊസാംബിക് ഭാഷയും സംസ്കാരവും പഠിക്കുവാന്‍ കഠിനമായി ശ്രമിച്ച് വരികയായിരുന്നുവെന്നു ഡേവിഡ് ഹോള്‍സ്റ്റന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞൊരു സാഹചര്യമാണിത്. റയാന്‍ നിരപരാധിയാണെന്ന് തങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്, അദ്ദേഹത്തിന്റെ മോചനത്തിനായി ഞങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയാണെന്നും ഹോള്‍സ്റ്റന്റെ പ്രസ്താവനയില്‍ പറയുന്നു.

അവികസിത രാജ്യങ്ങളിലെ വിദൂര മേഖലകളില്‍ അവശ്യ സാധനങ്ങളെയും, മിഷ്ണറിമാരേയും കൊണ്ട് പറക്കുന്ന ക്രിസ്ത്യന്‍ സംഘടനയാണ് മിഷന്‍ ഏവിയേഷന്‍ ഫെല്ലോഷിപ്പ്. അപകടകരമായ വെല്ലുവിളികള്‍ സ്വീകരിച്ച് മെഡിക്കല്‍ വിദഗ്ദരേയും, മിഷണറിമാരേയും, മനുഷ്യാവകാശ പ്രവര്‍ത്തകരേയും സഹായിക്കുവാന്‍ വിമാനങ്ങളുടെ ഒരു നിര തന്നെ സംഘടനയ്ക്കുണ്ട്.