നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ പീഡനം അതികഠിനമെന്ന് റിപ്പോർട്ട്

ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ക്രൂരമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കത്തോലിക്ക വൈദികന്‍. തീവ്രവാദി ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫാ. ജോണ്‍ ബകേനിയാണ് നൈജീരിയയിലെ കിരാതമായ ക്രൈസ്തവ പീഡനത്തിന്റെ വളര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്.

Jun 11, 2019 - 23:46
 0
നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ പീഡനം അതികഠിനമെന്ന് റിപ്പോർട്ട്

ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ക്രൂരമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കത്തോലിക്ക വൈദികന്‍. തീവ്രവാദി ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫാ. ജോണ്‍ ബകേനിയാണ് നൈജീരിയയിലെ കിരാതമായ ക്രൈസ്തവ പീഡനത്തിന്റെ വളര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്. കത്തോലിക്ക സഭയുടെ ജീവകാരുണ്യ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച്’ (ACN)നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജീവനോടെയിരിക്കുന്ന ഓരോദിവസവും ഒരു അനുഗ്രഹമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. കാരണം നാളെ എന്താണ് സംഭവിക്കുക എന്ന് ഞങ്ങള്‍ക്കറിയില്ല”. ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ ആക്രമണങ്ങളും തീവ്ര ഇസ്ലാമിക നിലപാടുള്ള ഫുലാനികളുടെ ആക്രമണങ്ങളും നൈജീരിയക്കാര്‍ക്കിടയില്‍ ഭീതിയും അനിശ്ചിതത്വവും വര്‍ദ്ധിപ്പിക്കുകയാണ്. ലോകത്തിന്റെ ഈ ഭാഗത്ത് ഒരു ക്രിസ്ത്യാനിയായി ജീവിക്കുക ദുഷ്കരമാണ്. എങ്കിലും സുവിശേഷത്തിന് ധീരതയോടെ സാക്ഷ്യം നല്‍കുവാന്‍ തങ്ങളുടെ വിശ്വാസം പ്രചോദനം നല്‍കുന്നുവെന്നും ബകേനി വിവരിച്ചു.


ദേവാലയങ്ങള്‍ പണിയുന്നതിനുള്ള അനുമതി ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍, തട്ടിക്കൊണ്ട് പോകല്‍, പെണ്‍കുട്ടികളെ നിര്‍ബന്ധിത വിവാഹം ചെയ്യിപ്പിക്കല്‍ തുടങ്ങിയവ നൈജീരിയയിലെ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ ചിലതാണെന്ന് ഫാ. ബകേനി ചൂണ്ടിക്കാട്ടി.എങ്കിലും ഫുലാനി ഗോത്രക്കാരുടെ ആക്രമണങ്ങളാണ് ഏറ്റവും വലിയ ഭീഷണി. താനിത് പറയുന്ന സമയത്തും, ഗ്രാമവാസികളില്‍ നല്ലൊരു ശതമാനവും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അദ്ദേഹം നടത്തി. തീവ്രവാദം ഭൂരിപക്ഷ മുസ്ലീങ്ങളുടെ കാഴ്ചപ്പാടല്ലെങ്കില്‍ പോലും, ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഭൂരിപക്ഷം മുസ്ലീങ്ങളും നിശബ്ദത പാലിക്കുകയാണെന്ന് ഫാ. ബകേനി ആരോപിച്ചു. ക്രൈസ്തവരുടെ ജീവന്റേയും, സ്വത്തിന്റേയും സംരക്ഷണത്തിന്റെയും കാര്യം വരുമ്പോള്‍ മെല്ലെപ്പോക്ക് നയമാണ് സര്‍ക്കാരിനുള്ളത്. ഭവനരഹിതരായ ക്രൈസ്തവരെ കത്തോലിക്ക രൂപതകള്‍ സഹായിക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്നും ഫാ. ബകേനി ഓര്‍മ്മിപ്പിച്ചു. അതേസമയം നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവ് സംഭവമാണെങ്കിലും മാധ്യമങ്ങള്‍ നിശബ്ദത തുടരുകയാണ്.