'അർജൻ്റ് ആക്ഷൻ ഫോർ റഫ'; മെക്സിക്കോയിലെ ഇസ്രയേൽ എംബസിയ്ക്ക് തീയിട്ട് പ്രതിഷേധക്കാർ

May 30, 2024 - 13:55
 0
'അർജൻ്റ് ആക്ഷൻ ഫോർ റഫ'; മെക്സിക്കോയിലെ ഇസ്രയേൽ എംബസിയ്ക്ക് തീയിട്ട് പ്രതിഷേധക്കാർ

ഇസ്രയേലിന്റെ റഫ ആക്രമണത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിഷേധം കനത്തു. മെക്സിക്കോയിലെ ഇസ്രയേൽ എംബസിയ്ക്ക് പലസ്തീൻ അനുകൂല പ്രതിഷേധക്കാർ തീയിട്ടു. എംബസിക്ക് മുന്നിൽ നിയന്ത്രണാതീതമായ പ്രതിഷേധമാണ് ഉണ്ടായത്. “അർജൻ്റ് ആക്ഷൻ ഫോർ റഫ” എന്ന് പേരുള്ള പ്രകടനത്തിൽ 200 ഓളം പേർ പങ്ക് ചേർന്നു.

പ്രതിഷേധക്കാർ എംബസിക്ക് നേരെ കുപ്പി ബോംബുകൾ എറിഞ്ഞു. മുഖം മറച്ചെത്തിയ പ്രതിഷേധക്കാർ പൊലീസിനെതിരെ കല്ലുകളും വലിച്ചെറിഞ്ഞു. തുടർന്ന് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ നിലപാടിനെതിരായി മെക്സിക്കോ ചൊവ്വാഴ്ച പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാലസ്തീൻ അനുകൂല പ്രതിഷേധക്കാർ നിരത്തുകളിലേക്ക് എത്തിയത്. റഫയിലെ അഭയാർത്ഥി ക്യാപിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ആഗോളതലത്തിൽ യുദ്ധവിരുദ്ധ പ്രതിഷേധങ്ങൾ സജീവമാവുകയാണ്. അതേസമയം ഇസ്താംബൂളിലെ ഇസ്രയേൽ കോൺസുലേറ്റിന് വെളിയിൽ തിങ്കളാഴ്ച പ്രതിഷേധമുണ്ടായിരുന്നു.

ഞായറാഴ്ച രാത്രിയിലാണ് റഫായിലെ അഭയാർത്ഥി ക്യാംപിലേക്ക് ഇസ്രയേൽ ബോംബിട്ടത്. അൻപതിലേറെ പേരാണ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഏറിയ പങ്കും സ്ത്രീകളും വയോധികരുമായിരുന്നു. റഫായിലെ അഭയാർത്ഥി ക്യാംപ് ആക്രമണത്തിനെതിരെ ഫ്രാൻസും സ്പെയിനും അടക്കമുള്ള രാജ്യങ്ങൾ ശക്തമായി പ്രതിഷേധിച്ചിരുന്നു.