രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി മഴ; ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായില്ല; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല-മുണ്ടക്കൈ പ്രദേശത്ത് രണ്ടാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുമ്പോള്‍ ഇതുവരെ കണ്ടെത്തിയത് 171 മൃതദേഹങ്ങള്‍. 225 പേരെ കാണാനില്ലെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇനിയും മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായാണ് വിലയിരുത്തല്‍..
ചൂരല്‍ മലയില്‍ നിലവില്‍ 150 സൈനികര്‍ നാല് സംഘങ്ങളായി പരിശോധന തുടരുന്നുണ്ട്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി പ്രദേശത്ത് മഴ തുടരുകയാണ്. കൂറ്റന്‍ പാറകളും ചെളിമണ്ണും തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മുണ്ടക്കൈയില്‍ തിരച്ചില്‍ വൈകാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
മണ്ണുമാന്തി യന്ത്രം ഉള്‍പ്പെടെയുള്ളവ സ്ഥലത്തെത്താന്‍ വൈകുന്നതിനെ തുടര്‍ന്നാണ് മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നത്. മുണ്ടക്കൈയില്‍ നിന്ന് നേരത്തെ കണ്ടെത്തിയ എട്ട് മൃതദേഹങ്ങളും തകര്‍ന്ന വീടിനുള്ളില്‍ നിന്ന് കണ്ടെടുത്തതാണ്. ഒരു വീട്ടില്‍ നിന്ന് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
പ്രദേശത്ത് തുടരുന്ന കാലാവസ്ഥ മണ്ണിനടിയില്‍ പെട്ടുപോയവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാക്കുകയാണ്. ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം ഇന്ന് പൂര്‍ത്തിയാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പാലത്തിന്റെ നിര്‍മ്മാണം നാളെ പൂര്‍ത്തിയാകുമെന്നാണ് ചീഫ് സെക്രട്ടറി വി വേണു അറിയിച്ചത്.