മഞ്ഞുവീഴ്ച കുറഞ്ഞു, പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറ്റശ്രമം; ജമ്മു കശ്മീരിലെ കഠിനമായ വേനല്‍ക്കാലത്തെ നേരിടാന്‍ തയ്യാറെടുത്ത് സൈന്യം

ജമ്മു കശ്മീരില്‍ ഇക്കുറി മഞ്ഞു വീഴ്ച പതിവിലും നേരത്തെ നിന്നതോടെ സുരക്ഷ സംബന്ധിച്ച് സൈന്യത്തിന് കൂടുതല്‍ വെല്ലുവിളി ഉയരുന്നു. കുറഞ്ഞ മഞ്ഞുവീഴ്ചയ്‌ക്കൊപ്പം വേനല്‍ക്കാലം നേരത്തെയെത്തുമെന്ന സൂചനയും പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുമെന്നാണ് കരുതുന്നത്.
ഇത്തവണ മഞ്ഞുവീഴ്ച മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. അതിനാല്‍ ഈ വേനല്‍ക്കാലം ജമ്മു കശ്മീരിന് പതിവിലും ചൂടേറിയതായിരിക്കുമെന്നാണ് കരുതുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തെക്കുറിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. ഇത് കശ്മീരിലെ സുരക്ഷാ സേനയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കഠിനമായ ശൈത്യകാലവും മഞ്ഞുവീഴ്ചയും പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞു കയറ്റം മുന്‍കാലങ്ങളില്‍ കുറച്ചിട്ടുണ്ട്. ഇത് സുരക്ഷാ സേനയ്ക്ക് അവരെ പിടികൂടാനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും മികച്ച അവസരം നല്‍കി. എന്നാല്‍ ഈ വര്‍ഷം മഞ്ഞുവീഴ്ച കുറവായതിനാല്‍ രജൗറി, പൂഞ്ച്, ദോഡയിലെ ദോക്‌സ്(താത്കാലിക ഗുജ്ജര്‍ അഭയകേന്ദ്രങ്ങള്‍) എന്നിവടങ്ങളിലെ ഗുഹകളില്‍ തീവ്രവാദികള്‍ അഭയം തേടുന്നത് തുടരുകയാണ്.
ജമ്മു കശ്മീരില്‍ കുറഞ്ഞത് 70 വിദേശ ഭീകവാദികളെങ്കിലും സജീവമായി ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.അതേസമയം, പ്രാദേശിക തീവ്രവാദികളുടെ എണ്ണം ഇതുവരെയുള്ള കണക്കുകള്‍വെച്ച് ഏറ്റവും കുറവാണെന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം, നിയന്ത്രണ രേഖ കടക്കാന്‍ ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളെ പാകിസ്ഥാന്‍ സൈന്യം സഹായിക്കുന്നതിന്റെ വ്യക്തമായ തെളിവായി കണക്കാക്കുന്നു. ഇതിനെതിരേ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ‘‘പാകിസ്ഥാന്റെ ഭാഗത്ത് ആറ് മുതല്‍ ഏഴ് പേരെ വരെ നഷ്ടപ്പെട്ടിരിക്കാം. പക്ഷേ നുഴഞ്ഞുകയറ്റ ശ്രമങ്ങളെ അവര്‍ പിന്തുണയ്ക്കുന്നതായാണ് ഇത് കാണിക്കുന്നത്,’’ ജമ്മു കശ്മീരിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൃഷ്ണ ഘാട്ടി സെക്ടറില്‍ ഫെബ്രുവരി 13 നടത്തിയ ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് വിലയിരുത്തുന്നത്.
നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കാന്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ച് മയക്കുമരുന്ന്,വെടിക്കോപ്പ്, ആയുധങ്ങള്‍ എന്നിവ കടത്തുന്നതിന് ലഹോറാണ് പുതിയ കേന്ദ്രമായി പ്രവർത്തിക്കുന്നതെന്ന് അതിര്‍ത്തി സുരക്ഷാ സേനയുടെ(ബിഎസ്എഫ്) സമീപകാല റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ലഷ്‌കറെ തൊയിബയുടെ പരിശീലകേന്ദ്രങ്ങളില്‍ മനുഷ്യരെ വഹിക്കാന്‍ കഴിയുന്ന ക്വാഡ്‌കോപ്റ്ററുകള്‍ പരീക്ഷിക്കുന്നതിന്റെ വീഡിയോ തെളിവുകള്‍ കൈവശമുണ്ടെന്ന് ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സികള്‍ അവകാശപ്പെടുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഈ പരിശീലനം നടക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. ഈ ചൈനീസ് നിര്‍മിത ഡ്രോണുകള്‍ക്ക് 60 മുതല്‍ 80 കിലോഭാരം വരെ വഹിക്കാന്‍ കഴിയും. കൂടാതെ 30 മുതല്‍ 60 കിലോമീറ്റര്‍ ദൂരപരിധിയില്‍ സഞ്ചരിക്കാനും കഴിയും. ശരാശരി ഭാരമുള്ള ഒരാള്‍ക്ക് പാകിസ്ഥാനില്‍ നിന്ന് പഞ്ചാബ് അല്ലെങ്കില്‍ ജമ്മു കശ്മീരിന്റെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയും.
മനുഷ്യനെ വഹിക്കുന്ന ഡ്രോണുകളുടെ ഭീഷണി ഇല്ലാതാക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍, ജമ്മു കശ്മീര്‍ പോലീസ്, ബിഎസ്എഫ് എന്നിവ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂഗര്‍ഭ തൊഴിലാളികളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
പാകിസ്ഥാനില്‍ന്നുള്ള പുതിയ ഭീഷണിയുടെ സാഹചര്യത്തില്‍ ബിഎസ്എഫ് ഒരു ആന്റി-റോഗ് ഡ്രേണ്‍ ടെക്‌നോളജി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പട്രോളിംഗ്, ചെക്ക്പോസ്റ്റുകള്‍, നിരീക്ഷണ പോസ്റ്റുകള്‍ എന്നിവയിലൂടെ 24 മണിക്കൂറും നിരീക്ഷണം, രാത്രിയില്‍ ദൃശ്യപരത വര്‍ദ്ധിപ്പിക്കുന്നതിന് ഫ്‌ലഡ്ലൈറ്റുകളുള്ള അതിര്‍ത്തി വേലി, ഇന്റലിജന്‍സ് ശൃംഖല ശക്തിപ്പെടുത്തല്‍, മറ്റ് സുരക്ഷാ ഏജന്‍സികളുമായുള്ള ഏകോപനം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
‘കൂടുതല്‍ നിരീക്ഷണ വാഹനങ്ങളും പ്രത്യേക ഉപകരണങ്ങളും വിന്യസിക്കുന്നതിനായി ബിഎസ്എഫ് അതിര്‍ത്തിയില്‍ വിശദമായ നിരീക്ഷണം നടത്തി വരികയാണ്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ കമാന്‍ഡ്-ആന്‍ഡ്-കണ്‍ട്രോള്‍ സംവിധാനമുള്ള ക്യാമറകള്‍, സെന്‍സറുകള്‍, അലാറങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സംയോജിത നിരീക്ഷണ സാങ്കേതികവിദ്യ അവര്‍ സ്ഥാപിച്ചിട്ടുണ്ട്’’, കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.