കർണാടകത്തിൽ ക്രിസ്ത്യൻ പള്ളികളുടെ സർവേക്ക്‌ സ്‌റ്റേ ഇല്ല

കർണാടകത്തിൽ ക്രിസ്ത്യൻ പള്ളികളുടെ സർവേ നടത്തുന്നതിനെതിരായ ഹർജിയിൽ മറുപടി നൽകാൻ സർക്കാരിന് ഹൈക്കോടതി മൂന്നാഴ്ച സമയം നൽകി. പള്ളികളുടെ സർവേ നടത്താനുള്ള സർക്കാർ തീരുമാനം

Oct 26, 2021 - 18:19
 0
കർണാടകത്തിൽ ക്രിസ്ത്യൻ പള്ളികളുടെ സർവേക്ക്‌ സ്‌റ്റേ ഇല്ല

കർണാടകത്തിൽ ക്രിസ്ത്യൻ പള്ളികളുടെ സർവേ നടത്തുന്നതിനെതിരായ ഹർജിയിൽ മറുപടി നൽകാൻ സർക്കാരിന് ഹൈക്കോടതി മൂന്നാഴ്ച സമയം നൽകി. പള്ളികളുടെ സർവേ നടത്താനുള്ള സർക്കാർ തീരുമാനം സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. തുടർന്ന് ഹർജിയിൽ മറുപടി അറിയിക്കാൻ സർക്കാരിന് മൂന്നാഴ്ച സമയം നൽകുകയായിരുന്നു. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പള്ളികളുടെ സർവേ നടത്തുന്നത് മതസ്വാതന്ത്ര്യത്തിനുള്ള അവകാശ ലംഘനമാണെന്നും ക്രിസ്ത്യാനികളെമാത്രം ലക്ഷ്യം വെക്കുകയാണെന്നും ഹർജിക്കാരുടെ അഭിഭാഷകനായ പ്രൊഫ. രവിവർമ കുമാർ വാദിച്ചു.സർവേ നടത്തുന്നതിൽ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സ്റ്റേ ചെയ്യേണ്ടതില്ലെന്ന് അറിയിച്ചു.

ക്രിസ്ത്യൻ പള്ളികളുടെയും വൈദികരുടെയും കണക്കെടുക്കാനുള്ള സർക്കാർ ശ്രമത്തിനെതിരേ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിയാണ് (പി.യു.സി.എൽ.) ഹർജി നൽകിയത്.

ക്രിസ്ത്യൻ പള്ളികളുടെ സർവേ നടത്താൻ സർക്കാർ പോലീസ് ഇന്റലിജൻസിനെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണന്ന് മുൻ ആഭ്യന്തര മന്ത്രി കൂടിയായ കെ.ജെ.ജോർജ് എംഎൽഎ പറഞ്ഞു.
ദേശവിരുദ്ധ __ പ്രവർത്തനങ്ങളോ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളോ നടക്കുമ്പോളായിരിക്കണം ഇന്റലിജൻസിനെ ഉപയോഗിച്ച് സർവേ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മതപരിവർത്തന നിരോധന നിയമം സംബന്ധിച്ച വസ്തുതകൾ കോൺഗ്രസ് പരിശോധിക്കുമെന്നും നിയമസഭയിൽ ബില്ലിനെ എതിർക്കുമെന്നും കോൺഗ്രസ് നേതാവ് കെ.ജെ. ജോർജ് അറിയിച്ചു.

അതെ സമയം നിർബന്ധിത മതപരിവർത്തനം തടയാനുള്ള നിയമ രൂപീകരണത്തിൽ നിന്നു കർണാടക സർക്കാർ പിന്മാറണമെന്നും ഇതിനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ വീണ്ടും സന്ദർശിച്ച് ഇക്കാര്യം അഭ്യർഥിക്കുമെന്നും ബെംഗളൂരു ആർച്ച്ബിഷപ്പ് ഡോ.പീറ്റർ മച്ചാഡോ പറഞ്ഞു. സർക്കാർ പിന്മാറായില്ലെങ്കിൽ നവംബർ രണ്ടാം വാരം മുതൽ പ്രതിഷേധ സൂചകമായി പ്രാർഥനാസംഗമങ്ങളും സമാധാന പ്രതിഷേധറാലികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു