തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തെ സിറ്റി പ്ലാസ ഫ്ലാറ്റ് അപകടാവസ്ഥയിൽ; താമസക്കാർ അടിന്തരമായി ഒഴിയാൻ നോട്ടീസ്
തിരുവനന്തപുരം: തലസ്ഥാനത്തെ ഫ്ലാറ്റ് ഏത് നിമിഷവും നിലം പൊത്താറായ നിലയില്‍. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്തെ സിറ്റി പ്ലാസ ഫ്ലാറ്റാണ് അപകടാവസ്ഥയിലായത്. ഇതിനെ തുടർന്ന് താമസക്കാരോടും-സ്ഥാപനങ്ങളോടും ഉടൻ തന്നെ ഒഴിയാൻ നോട്ടീസ് നൽകി. ജില്ലാ കലക്ടറാണ് മൂന്ന് ദിവസത്തിനുള്ളിൽ കെട്ടിടം ഒഴിയാനായി നോട്ടിസ് നൽകിയത്. കെട്ടിടം അപകടാവസ്ഥയിലെന്ന് കാട്ടി ദുരന്ത നിവാരണ അതോറ്റിറ്റി മൂന്ന് ദിവസം മുൻപ് നോട്ടീസ് നൽകിയിരുന്നു. എട്ടു നില കെട്ടിടത്തിന്റെ അടിത്തറയിൽ നിന്ന് മണ്ണൊലിച്ചു പോയ നിലയിലാണെന്ന് കാട്ടിയായിരുന്നു ദുരന്ത നിവാരണ അതോറ്റിറ്റി നിയമ പ്രകാരം നോട്ടീസ് നൽകിയത്. അതേസമയം നോട്ടിസിൽ രണ്ട് രജിസ്ട്രേഷനുകൾ ഒഴിവാക്കിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
27 കുടുംബങ്ങളും 57 സ്ഥാപനങ്ങളും ഉടൻ ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസിലുള്ളത്. എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ എങ്ങോട്ട് പോകുമെന്ന് അറിയാതെ ഉഴലുകയാണ് ഫ്ലാറ്റുടമകൾ ഉൾപ്പടെയുള്ള ആളുകൾ. സമീപത്തെ ഫ്ലാറ്റുകളും അപകടവസ്ഥയിലാണ്. എന്നാൽ കെട്ടിടത്തിന് ബലക്ഷയം ഇല്ലെന്ന് നിർമാണ കമ്പനി ഉടമകളുടെ അഭിപ്രായം. ഇക്കാര്യങ്ങൾ സർക്കാരിനെ ബോധ്യപ്പെടുത്തുമെന്ന് നിർമാണ കമ്പനി ഉടമകൾ അറിയിച്ചു . അനധികൃത നിർമ്മാണം നടന്നിട്ടില്ലെന്നും പൊളിഞ്ഞുവീണ ഭിത്തി പുനർനിർമ്മിക്കുമെന്നും ഉടമകൾ പറഞ്ഞു.