ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്
ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. രാജ്യത്തെ ജനങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന വിഷയത്തിലുള്ള ബില്‍ ഞങ്ങള്‍ പാസാക്കി. ഉത്തരഖണ്ഡാണ് ആദ്യമായി ബില്‍ പാസാക്കുന്നത്. ഞങ്ങള്‍ക്ക് അധികാരത്തിലെത്താനും അതുവഴി സുപ്രധാന ബില്‍ പാസാക്കാനും അവസരം നല്‍കിയതിന് സംസ്ഥാനത്തെ ജനങ്ങളോടും എല്ലാ എം.എല്‍.എമാരോടും നന്ദി പറയുന്നു. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ് ഇന്നെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ആദ്യ ചുവട് മാത്രമാണ് ഏകീകൃത സിവില്‍ കോഡ് ബില്ലെന്ന് പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. “അയോധ്യ ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിന് ശേഷമാണ് ഇന്ത്യയിൽ രാമയുഗം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം സ്ത്രീകളെ ശാക്തീകരിക്കുകയും അവരുടെ സുരക്ഷ നിയമപരമായും സാമൂഹികമായും ഉറപ്പാക്കുകയും ചെയ്യുന്നത് ഇതുതന്നെയാണ്. നല്ല കാര്യം ചെയ്യുന്നതിൽ ഉത്തരാഖണ്ഡിന് പിന്നിൽ നിൽക്കാനാവില്ലെന്നും യുസിസി നടപ്പാക്കുന്നത് അതിന് ഉദാഹരണമാണെന്നും” അദ്ദേഹം പറഞ്ഞു.
ബിൽ മുസ്ലീങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന വാദത്തെ കുറിച്ചും ധാമി പ്രതികരിച്ചു.സൗദി അറേബ്യ, നേപ്പാൾ, ജപ്പാൻ, യുഎസ്, കാനഡ, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ഇത്തരമൊരു ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്ന് ധാമി പറഞ്ഞു.
ബിൽ എല്ലാവർക്കും ബാധകമല്ലെങ്കിൽ ഏകീകൃതമാകുന്നതെങ്ങനെയെന്ന് ചർച്ചയ്ക്കിടെ കോൺഗ്രസ് എംഎൽഎ ബിരേന്ദർ ജാതി ചോദിച്ചു. “ഈ ബില്ലിനെ UUCC - അൺ-യൂണിഫോം സിവിൽ കോഡ് എന്ന് വിളിക്കണം. ആദിവാസികളെ മാറ്റിനിർത്തിയതിലൂടെ ഏകീകൃതത നശിപ്പിച്ചു. ആദിവാസികളുമായി കൂടിയാലോചിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.അതിനാൽ, ആ കൂടിയാലോചന നടക്കുന്നുണ്ടെങ്കിൽ ബില്‍ പാസാക്കാന്‍ എന്താണ് ഇത്ര തിരക്കെന്ന് ബിരേന്ദർ ജാതി ചോദിച്ചു.
ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന് കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ആദ്യം ആവശ്യപ്പെട്ടെങ്കിലും വോട്ടെടുപ്പ് സമയത്ത് എതിർത്തില്ല.
സംസ്ഥാനത്ത് ലിവ് -ഇന്‍ റിലേഷന്‍ഷിപ്പിലുള്ള ദമ്പതികൾ ഒരു മാസത്തിനുള്ളിൽ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും അല്ലാത്തപക്ഷം തടവും പിഴയും നേരിടേണ്ടിവരുമെന്നും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തി. ലിവ്-ഇൻ റിലേഷന്‍ഷിപ്പ് സംബന്ധിച്ച വ്യവസ്ഥകൾ സ്വകാര്യതയ്ക്ക് എതിരാണ്, ഭരണഘടനയ്ക്ക് വിരുദ്ധമാണ്, മുതിർന്നവർക്ക് സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് കോൺഗ്രസ് എംഎൽഎ ഭുവൻ കാപ്രി പറഞ്ഞു.