വയനാടും ചേലക്കരയും വിധിയെഴുതുന്നു; വോട്ടെടുപ്പ് തുടങ്ങി

Nov 13, 2024 - 08:19
 0
വയനാടും ചേലക്കരയും വിധിയെഴുതുന്നു; വോട്ടെടുപ്പ് തുടങ്ങി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാടും, ചേലക്കരയും വിധിയെഴുതുന്നു. ഇരു മണ്ഡലങ്ങളിലും പോളിംഗ് തുടങ്ങി. രാവിലെ തന്നെ നിരവധിപേരാണ് വോട്ട് രേഖപ്പെടുത്താൻ എത്തുന്നത്. 16 സ്ഥാനാർഥികളാണ് വയനാട്ടിൽ ജനവിധി തേടുന്നത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആയി 14.71 ലക്ഷം സമ്മതിദായകരാണുള്ളത്.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേഖലയിലെ വോട്ടർമാർക്കായി മൂന്ന് ബൂത്തുകൾ തയാറാക്കിയിട്ടുണ്ട്. പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താൻ സൗജന്യ വാഹന സർവീസ് ഏർപ്പെടുത്തി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ആകെ ആറ് സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

ചേലക്കരയില്‍ യു ആര്‍ പ്രദീപാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. രമ്യ ഹരിദാസ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന മണ്ഡലത്തില്‍ കെ ബാലകൃഷ്ണന്‍ ആണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. അതേസമയം വയനാട് ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയാണ് ഇക്കുറി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫിനായി മത്സരിക്കുന്നത്. നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാര്‍ത്ഥി.

അതേസമയം ചേലക്കര മണ്ഡലത്തിലെ 85 വയസ്സ് കഴിഞ്ഞ വയോജനങ്ങളും ഭിന്നശേഷിക്കാരും വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തിയിരുന്നു. ആകെ 1375 വോട്ടാണ് ഇങ്ങനെ രേഖപ്പെടുത്തിയത്. മൊത്തം 1418 വോട്ടാണ് ഈ വിഭാഗത്തിലുണ്ടായിരുന്നത്. 85 കഴിഞ്ഞ 961 പേരില്‍ 925 പേര്‍ വോട്ടു രേഖപ്പെടുത്തി. പ്രത്യേക പരിഗണന ലഭിച്ച 457 ഭിന്നശേഷിക്കാരില്‍ 450 പേരും വോട്ട് ചെയ്തു. വോട്ട് ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തി. ശേഷിച്ച 43 പേര്‍ക്ക് ഇനി ബൂത്തില്‍ ചെന്നു വോട്ട് ചെയ്യാനാവില്ല. വടക്കാഞ്ചേരി ട്രഷറിയിലാണ് ഈ 1375 വോട്ടുകള്‍ സൂക്ഷിച്ചിരിക്കുന്നത്.