കൊച്ചി സിനഗോഗിന് മുന്നിലെ തീവയ്പ്പ്: കോഡർ ഹൗസിലെ തീപിടിത്തത്തിലും അന്വേഷണം; ഫോണിൽ‌ രാജ്യാന്തര ഭീകരവാദബന്ധ സൂചനകൾ

Oct 15, 2026 - 10:58
 0
കൊച്ചി സിനഗോഗിന് മുന്നിലെ തീവയ്പ്പ്: കോഡർ ഹൗസിലെ തീപിടിത്തത്തിലും അന്വേഷണം; ഫോണിൽ‌ രാജ്യാന്തര ഭീകരവാദബന്ധ സൂചനകൾ
കൊച്ചി കടവുഭാഗം സിനഗോഗിന് (ജൂതപ്പള്ളി) മുന്നിലെ തീവെപ്പ് കേസിൽ പിടിയിലായ പ്രതിക്ക് രാജ്യാന്തര ഭീകരവാദ ബന്ധമുണ്ടെന്ന സൂചനകളെ തുടർന്ന്, ഫോർട്ട് കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിലുണ്ടായ തീപിടിത്തത്തെക്കുറിച്ചും കൊച്ചി സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുൻപാണ് കോഡർ ഹൗസിൽ ദുരൂഹമായ രീതിയിൽ തീപിടിത്തമുണ്ടായത്.
ഫോണിൽ പാകിസ്ഥാൻ ടെലഗ്രാം ചാറ്റുകൾ
പുത്തൻകുരിശ് വടയമ്പാടി സ്വദേശിയായ എബിൻ ബി പോളിന്റെ (32) മൊബൈൽ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. പാകിസ്ഥാനുമായി ബന്ധമുള്ള ടെലഗ്രാം അക്കൗണ്ടുകളും ഹിന്ദിയിലുള്ള ചാറ്റുകളും ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 'ബോസ്' എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയുടെ നിർദേശപ്രകാരമാണ് ആക്രമണങ്ങൾ നടത്തിയത്. ലക്ഷ്യസ്ഥാനങ്ങളിൽ തീയിടുക, ദൃശ്യങ്ങൾ പകർത്തി അയച്ചുകൊടുക്കുക, ക്രിപ്റ്റോ കറൻസിയിലൂടെ പ്രതിഫലം കൈപ്പറ്റുക എന്നതായിരുന്നു ഇയാളുടെ രീതി. അന്താരാഷ്ട്ര ബന്ധങ്ങൾ പുറത്തുവന്നതോടെ ഐ ബി, എൻ‌ഐഎ തുടങ്ങിയ കേന്ദ്ര ഏജൻസികളും പ്രതിയെ ചോദ്യം ചെയ്തിരുന്നു. കൂടാതെ ഇയാളുടെ വീട്ടിൽ നിന്ന് 105 ഗ്രാം രാസലഹരിയും പിടികൂടിയിട്ടുണ്ട്.
കോഡർ ഹൗസ് തീപിടിത്തം വീണ്ടും അന്വേഷണത്തിൽ
സെപ്റ്റംബർ 29ന് വൈകിട്ടാണ് ഫോർട്ട് കൊച്ചിയിലെ രണ്ട് നൂറ്റാണ്ടു പഴക്കമുള്ള പൈതൃക മന്ദിരമായ കോഡർ ഹൗസിന്റെ മുകളിലെ നിലയിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമുള്ള സാധാരണ അപകടമെന്നാണ് ആദ്യം കരുതിയതെങ്കിലും, സിനഗോഗ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇതിന് പിന്നിലും മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പോലീസ് വിശദമായി പരിശോധിക്കുകയാണ്. കൊച്ചിയുടെ ജൂതപാരമ്പര്യവുമായി ബന്ധമുള്ളതും, വിദേശ പ്രതിനിധികളും വിഐപികളും അതിഥികളായി എത്തിയിട്ടുള്ളതുമായ കോഡർ ഹൗസിലെ തീപിടിത്തം ഗൗരവമായാണ് അന്വേഷിക്കുന്നത്.പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെയും ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുന്നതിലൂടെയും കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് കൊച്ചി സിറ്റി ഡിസിപി അരുൺ കെ പവിത്രൻ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0