നേപ്പാളിൽ ടിബറ്റൻ അതിർത്തിക്കടത്തുള്ള റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടം. ഇതുവരെ 95 പേരുടെ മരണം അധികൃതർ സ്ഥിരീകരിച്ചു. 93 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നൂറിലധികം ഇന്ത്യക്കാരടക്കം നാന്നൂറോളം പേരെ പ്രളയത്തിൽ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ബുധനാഴ്ച പുലർച്ചെയുണ്ടായ മിന്നൽ പ്രളയത്തിൽ ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയി. നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികളും പ്രളയത്തിൽ തകർന്നിട്ടുണ്ട്.
പ്രളയത്തെത്തുടർന്ന് താഴേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ അധികൃതർ മുന്നൊരുക്കങ്ങൾ ശക്തമാക്കി. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ അടിയന്തര യോഗങ്ങൾ വിളിച്ചുചേർത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി സ്ഥിതിഗതികൾ വിലയിരുത്തി സംസാരിച്ചു. നേപ്പാളിൽനിന്ന് ഉത്ഭവിക്കുന്ന ഗണ്ഡക്, കോസി നദികളിലൂടെ വെള്ളം കുതിച്ചെത്താൻ സാധ്യതയുള്ളതിനാൽ ബിഹാറിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ദുരന്തമുഖത്ത് നേപ്പാൾ ജനതയ്‌ക്കൊപ്പം ഇന്ത്യ പൂർണ്ണമായും നിലകൊള്ളുമെന്നും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും രക്ഷാപ്രവർത്തനങ്ങളും എത്തിക്കാൻ തയ്യാറാണെന്നും മോദി ഉറപ്പുനൽകി.
പ്രളയത്തിൽ 105 ഇന്ത്യക്കാരെ കാണാതായിട്ടുണ്ടെന്നാണ് നേപ്പാൾ ടൂറിസം അധികൃതർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ആകെ 291 വിദേശികളെയാണ് കാണാതായിട്ടുള്ളത്. കാണാതായവരിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നേപ്പാളിലെ ഇന്ത്യൻ പൗരന്മാർക്കായി ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ട്:
ഫോൺ നമ്പറുകൾ: +977 985 131 6807, +977 970 910 7500