ഉത്തർപ്രദേശില്‍ കസ്റ്റഡിയിലെടുത്ത 11 ക്രൈസ്തവര്‍ക്ക് ഒടുവില്‍ ജാമ്യം

11 Christians who were unjustly detained in Uttar Pradesh finally granted bail

Jul 22, 2023 - 19:50
 0
ഉത്തർപ്രദേശില്‍ കസ്റ്റഡിയിലെടുത്ത 11 ക്രൈസ്തവര്‍ക്ക് ഒടുവില്‍ ജാമ്യം

ഉത്തർപ്രദേശില്‍ മതപരിവർത്തന  ആരോപണം ഉന്നയിച്ച് ജയിലിൽ അടച്ച 11 ക്രൈസ്തവ വിശ്വാസികളെ ബാഹ്റാ ജില്ലയിലെ കോടതി ജാമ്യത്തിൽ വിട്ടു. ജൂലൈ 17നാണ് പാസ്റ്ററായ ബാബു റാമും, മറ്റ് പത്തു പേരും ജയിൽ മോചിതരായത്.  പരാതികളെ തുടർന്നു ജൂലൈ ഏഴാം തീയതി ഞായറാഴ്ച പ്രാർത്ഥനകൾക്ക് പിന്നാലെ ഇവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരിന്നു. പ്രാർത്ഥനാ ഹാളിലെത്തിയ ആളുകൾ പാസ്റ്ററും, കൂടെയുള്ളവരും മതപരിവർത്തനം നടത്തുകയാണെന്നു ആരോപണത്തിന്മേൽ  പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.

നിയമവിരുദ്ധമായ ഒത്തുചേരൽ, ഗൂഢാലോചന, ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തങ്ങളുടെ സഹോദരങ്ങൾ ജയിൽ മോചിതരായതിൽ അതീവ സന്തോഷമുണ്ടെന്ന് നിയമയുദ്ധം നടത്തിയ സാമൂഹ്യപ്രവർത്തകനായ ദിനാനാഥ് ജയസ്വാൾ പറഞ്ഞു. 13 ക്രൈസ്തവ വിശ്വാസികളായ സ്ത്രീകളെ പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും അവർക്ക് പ്രാദേശിക കോടതി ജാമ്യം അനുവദിക്കുകയായിരുന്നുവെന്ന്  അദ്ദേഹം വെളിപ്പെടുത്തി. ഞായറാഴ്ച പ്രാർത്ഥനകളിൽ സംബന്ധിക്കാൻ എത്തുന്ന ക്രൈസ്തവർക്കെതിരെ വ്യാജ ആരോപണങ്ങൾ പോലീസ് രജിസ്റ്റർ ചെയ്യുന്നത് തീർത്തും ദൗർഭാഗ്യകരമായ കാര്യമാണെന്ന് ദിനാനാഥ് പറഞ്ഞു.

നിയമപ്രകാരം മതം മാറ്റപ്പെട്ട ആളിന്റെയോ, അടുത്ത ബന്ധുവിന്റെയോ, രക്ഷകർത്താവിന്റെ സ്ഥാനമുള്ള ആളുടെയോ പരാതിയില്ലാതെ മതപരിവർത്തന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. എന്നാൽ പോലീസ് ഈ വ്യവസ്ഥ പിന്തുടരുന്നില്ലായെന്നതാണ് വസ്തുത.  ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ആറ് മാസങ്ങൾക്കുള്ളിൽ 155 ക്രൈസ്തവ വിരുദ്ധ അക്രമങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ ജനസംഖ്യയുടെ 0.18 ശതമാനം മാത്രമാണ് ക്രൈസ്തവ വിശ്വാസികൾ.