128-ാമത് മാരാമൺ കൺവൻഷൻ ഫെബ്രു. 12 മുതൽ
128th Maramon Convention from 12th February 2023
128-ാമത് മാരാമണ്‍ കണ്വൻഷൻ ഫെബ്രുവരി 12 മുതൽ 19 വരെ പമ്പാനദിയിലെ മാരാമണ്‍ മണൽപ്പുറത്ത് തയാറാക്കുന്ന പന്തലിൽ നടക്കും. ഫെബ്രുവരി 12ന് ഉച്ചകഴിഞ്ഞ് 2.30നു മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത കണ്വൻഷൻ ഉദ്ഘാടനം ചെയ്യും.
സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മാർത്തോമ്മ സഭയിലെ ബിഷപ്പുമാരെകൂടാതെ ബിഷപ് ദിലോരാജ് ആർ. കനഗാബെ (ശ്രീലങ്ക), കാനൻ മാർക്ക് ഡി. ചാപ്മാൻ (ഇംഗ്ലണ്ട്), ബിഷപ് റാഫേൽ തട്ടിൽ, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത, ബിഷപ് മാർ തോമസ് തറയിൽ എന്നിവരാണ് ഇക്കൊല്ലത്തെ മുഖ്യപ്രസംഗകർ.
തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30ന് ബൈബിൾ ക്ലാസുകൾ പന്തലിൽ നടക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും സംയുക്തമായാണ് ഈ വർഷവും ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.30ന് കുടുംബവേദി യോഗങ്ങളും ബുധനാഴ്ച 2.30ന് ലഹരിവിമോചന കൂട്ടായ്മയും, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ 2.30ന് യുവവേദി യോഗങ്ങളും നടത്തും. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, അന്ന ജോ തോമസ്, ഡോ. ശശി തരൂർ എംപി എന്നിവർ പ്രസംഗിക്കും. ബുധൻ മുതൽ ശനി വരെ രാത്രി ഏഴു മുതൽ 7.30 വരെയുള്ള സമയം ഭാഷാ അടിസ്ഥാനത്തിലുള്ള മിഷൻ ഫീൽഡ് കൂട്ടായ്മകൾ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ക്രമത്തിൽ പ്രത്യേക യോഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു.