ജാർഖണ്ഡില്‍ നടന്ന വാഹനാപകടത്തില്‍ സഹോദരങ്ങളായ വൈദികനും കന്യാസ്ത്രീയും മരിച്ചു
A priest and a nun died in a car accident in Jharkhand
ജാർഖണ്ഡിലെ ഗുംല ജില്ലയിലെ സദർ പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ വൈദികനും കന്യാസ്ത്രീയും ഉള്‍പ്പെടെ മൂന്ന് പേർ മരിച്ചു. ഫാ. തിയോഡോർ കുജൂര്‍ (58), സിസ്റ്റർ നിർമല കുജൂര്‍ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഖോര ഗ്രാമത്തിന് സമീപം ഇവര്‍ സഞ്ചരിച്ച കാറും ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരിന്നു. അപകടത്തില്‍ ഇവരുടെ ബന്ധുവായ പെൺകുട്ടിക്ക് പരിക്കേറ്റു. നാട്ടുകാരുടെ സഹായത്തോടെ എല്ലാവരെയും പുറത്തെടുത്ത് ഗുംലയിലെ സദർ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റാഞ്ചിയിൽ നിന്ന് തങ്ങളുടെ രൂപതയിലേക്ക് കാറിൽ മടങ്ങുകയായിരുന്നു ഇവര്‍. ഗുംല ടൗണിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ ഖോരെ ഗ്രാമത്തിന് സമീപം അമിതവേഗതയിൽ വന്ന പാസഞ്ചർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ യാത്ര ചെയ്തിരുന്ന ജോസഫിൻ മിഞ്ച് (6 വയസ്സ്) എന്ന പെൺകുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ സദർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ ബസ് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഡ്രൈവർ ഓടി രക്ഷപ്പെട്ടു.