യേശു ക്രിസ്തുവിന്റെ രൂപം ആലേഖനം ചെയ്ത 1000 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ നാണയം നോര്‍വേയില്‍ കണ്ടെത്തി

Dec 15, 2023 - 07:44
Dec 18, 2023 - 07:42
 0
യേശു ക്രിസ്തുവിന്റെ രൂപം ആലേഖനം ചെയ്ത 1000 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ നാണയം നോര്‍വേയില്‍ കണ്ടെത്തി

സ്കാന്‍ഡിനേവിയന്‍ രാജ്യമായ നോര്‍വേയില്‍ യേശുവിന്റെ രൂപം ആലേഖനം ചെയ്തിരിക്കുന്ന ഏകദേശം ആയിരത്തോളം വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ സ്വര്‍ണ്ണ നാണയം  ഗവേഷകർ കണ്ടെത്തി. മുന്‍പ് കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നറിയപ്പെടുന്ന തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്നും 1600 മൈല്‍ അകലെയുള്ള വെസ്ട്രെ സ്ലിഡ്രേ മലയില്‍ നിന്നുമാണ് മെറ്റല്‍ പുരാവസ്തു വിദഗ്ധന്‍ നാണയം കണ്ടെത്തിയതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാണയം ബൈസന്റൈന്‍ കാലഘട്ടത്തിലേതെന്നാണ് അനുമാനം. "വാഴുന്നവരുടെ രാജാവായ യേശുക്രിസ്തു’ എന്ന് ലാറ്റിനിലും, ‘ബേസിലും കോണ്‍സ്റ്റന്റൈനും റോമാക്കാരുടെ ചക്രവര്‍ത്തിമാര്‍’ എന്ന് ഗ്രീക്കിലും നാണയത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

ബൈസന്റൈന്‍ ഹിസ്‌റ്റാമെനോണ്‍ നോമിസ്‌മാ എന്നാണ് ഈ നാണയം അറിയപ്പെടുന്നതെന്നു ഇന്‍ലാന്‍ഡെറ്റ് കൗണ്ടി മുനിസിപ്പാലിറ്റി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. നാണയത്തിന്റെ ഒരുവശത്ത് ബൈബിള്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്ന ക്രിസ്തുവിനെ ആലേഖനം ചെയ്തിരിക്കുമ്പോള്‍ മറുവശത്ത് അന്നത്തെക്കാലത്തെ ഭരണാധികാരികളായ ബേസില്‍ II, കോണ്‍സ്റ്റന്റൈന്‍ എട്ടാമന്‍ എന്ന് ഗവേഷകര്‍ കരുതുന്നവരുടെ ചിത്രങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്. ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നാണയത്തിന് യാതൊരു കുഴപ്പവുമില്ലായെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

എ.ഡി 977-നും 1025-നും ഇടയിലാണ് ഈ നാണയം നിര്‍മ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. അതേസമയം ഈ നാണയം എങ്ങനെ നോര്‍വേയിലെത്തി എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. അക്കാലത്ത് ചക്രവര്‍ത്തിയുടെ അംഗരക്ഷകനായിരുന്ന ഹാരാള്‍ഡ് ഹാര്‍ഡ്രേഡ് പിന്നീട് നോര്‍വേയുടെ രാജാവായി തീര്‍ന്നുവെന്നാണ് ‘ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക’ പറയുന്നത്. ഈ നാണയം ഹാരാള്‍ഡിന്റെ ശമ്പളത്തിന്റെ ഭാഗമായിരിക്കാമെന്നും, 1034-ല്‍ അദ്ദേഹം സ്വന്തം ദേശത്തേക്ക് മടങ്ങിയപ്പോള്‍ കൂടെ കൊണ്ടുവന്നതായിരിക്കാമെന്നും അനുമാനമുണ്ട്..

ചക്രവര്‍ത്തിയുടെ അംഗരക്ഷകനായിരുന്ന സമയത്ത് ഹാരാള്‍ഡ് തനിക്ക് ലഭിച്ച നിധികള്‍ കീവിലെ രാജകുമാരന്‍ യാരോസ്ലോവിന് സ്ത്രീധനമായി അയച്ചുകൊടുത്തുവെന്നും, യാരോസ്ലോവിന്റെ പെണ്‍മക്കളില്‍ ഒരാളെയാണ് അദ്ദേഹം വിവാഹം ചെയ്തതെന്നുമാണ് ചരിത്രം. ഉപ്പുകച്ചവടത്തിലൂടെയാണ് ഈ നാണയം നോര്‍വേയില്‍ എത്തിയതെന്നാണ് മറ്റൊരു അനുമാനം. പടിഞ്ഞാറന്‍ നോര്‍വേയിലെ ഉപ്പുവ്യവസായത്തില്‍ അധിഷ്ടിതമായിരുന്നു പുരാതന വ്യാപാര മാര്‍ഗ്ഗങ്ങള്‍. കിഴക്കുമായുള്ള വ്യാപാരത്തില്‍ നിന്നുമാണ് ഈ നാണയം നോര്‍വേയില്‍ എത്തിയതെന്നാണ് അനുമാനം. നാണയം കണ്ടെത്തിയ സ്ഥലം ഒരു പൈതൃകകേന്ദ്രമായതിനാല്‍ തുടര്‍ ഗവേഷണങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കുമെന്നാണ് സൂചന.

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL