യൂറോപ്പില്‍ ക്രൈസ്തവ വിരുദ്ധത വര്‍ദ്ധിക്കുന്നു: വെളിപ്പെടുത്തലുമായി 'ഒഐഡിഎസി' റിപ്പോര്‍ട്ട് പുറത്ത്
യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഏതാണ്ട് അഞ്ഞൂറിലധികം ക്രൈസ്തവ വിരുദ്ധ കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ വര്‍ഷം മാത്രം യൂറോപ്പില്‍ നടന്നിട്ടുണ്ടെന്നു 2005 മുതല്‍ വിയന്ന ആസ്ഥാനമാക്കി ക്രൈസ്തവര്‍ക്കെതിരായ അസഹിഷ്ണുതയും, വിവേചനവും നിരീക്ഷിച്ചുക്കൊണ്ടിരിക്കുന്ന ‘ദി ഒബ്സര്‍വേറ്ററി ഫോര്‍ ദി ഇന്‍ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ്’ (ഒഐഡിഎസി) ഈ ആഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു
യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഏതാണ്ട് അഞ്ഞൂറിലധികം ക്രൈസ്തവ വിരുദ്ധ കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ വര്‍ഷം മാത്രം യൂറോപ്പില്‍ നടന്നിട്ടുണ്ടെന്നു 2005 മുതല്‍ വിയന്ന ആസ്ഥാനമാക്കി ക്രൈസ്തവര്‍ക്കെതിരായ അസഹിഷ്ണുതയും, വിവേചനവും നിരീക്ഷിച്ചുക്കൊണ്ടിരിക്കുന്ന ‘ദി ഒബ്സര്‍വേറ്ററി ഫോര്‍ ദി ഇന്‍ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ്’ (ഒഐഡിഎസി) ഈ ആഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ഹിസ്റ്ററിയും, വിദഗ്ദരുടെ അഭിപ്രായങ്ങളും, സാക്ഷ്യങ്ങളും, നിര്‍ദ്ദേശങ്ങളുമാണ് 65 പേജുകളുള്ള റിപ്പോര്‍ട്ടിലുള്ളത്.
കഴിഞ്ഞ വര്‍ഷം 19 യൂറോപ്യന്‍ രാജ്യങ്ങളിലായി ക്രൈസ്തവര്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ട 14 സംഭവങ്ങളും നാല് കൊലപാതകങ്ങളുമാണ് ഉണ്ടായത്. ദേവാലയ ഭിത്തികളില്‍ ചുവരെഴുത്തുകള്‍ കൊണ്ട് വികൃതമാക്കുക, പൂജ്യ വസ്തുക്കളുടെ അവഹേളനം, സ്വത്തുവകകള്‍ നശിപ്പിക്കുക തുടങ്ങി ദേവാലയം അലംകോലമാക്കിയ മുന്നൂറോളം സംഭവങ്ങളും നടന്നു. കൂദാശ ചെയ്ത തിരുവോസ്തി ഉള്‍പ്പെടെയുള്ളവ മോഷ്ടിക്കപ്പെട്ട എണ്‍പതോളം സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ സാക്ഷ്യം വഹിച്ചത്. ഇതിനു പുറമേ, അറുപതോളം തീബോംബാക്രമണങ്ങളും ഉണ്ടായി. ക്രൈസ്തവ ഭൂരിപക്ഷ ഭൂഖണ്ഡമായ യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരെ വിവേചനം ഉണ്ടാകുന്നില്ലായെന്ന പൊതുവായ കാഴ്ചപ്പാടാണ് പ്രശ്നങ്ങളുടെ ഭാഗികമായ കാരണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്ക് മാധ്യമ ശ്രദ്ധ ലഭിക്കാത്തതിനേക്കുറിച്ചും, ക്രൈസ്തവര്‍ സ്വയം ഏര്‍പ്പെടുത്തേണ്ടി വരുന്ന നിയന്ത്രണത്തേക്കുറിച്ചും റിപ്പോര്‍ട്ട് എടുത്ത് പറയുന്നുണ്ട്. വിദ്യാഭ്യാസത്തിലും, തൊഴില്‍ സ്ഥലത്തും, പൊതു മേഖലയിലും, സ്വകാര്യ സാമൂഹിക ബന്ധങ്ങളിലും, മാധ്യമ തട്ടകങ്ങളിലും ഇത് പ്രകടമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഫ്രാന്‍സില്‍ നടന്ന രണ്ടു കത്തോലിക്കാ റാലികള്‍ക്കെതിരെ നടന്ന ആക്രമണങ്ങളെ മാധ്യമങ്ങള്‍ അവഗണിച്ചത് റിപ്പോര്‍ട്ട് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബൈബിള്‍ ഉറക്കെ വായിച്ചതിനു ഒരു ക്രിസ്ത്യന്‍ വചനപ്രഘോഷകനെ യു.കെ പോലീസ് ചോദ്യം ചെയ്തത് തെരുവ് സുവിശേഷകര്‍ നേരിട്ടുകൊണ്ടിരിക്കുന്ന അവഹേളനങ്ങളില്‍ ഒന്നു മാത്രമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രൈസ്തവ വിശ്വാസത്തിനെതിരായ അവഹേളനങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്ന സംഘടനകള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ വിലക്കേര്‍പ്പെടുത്തുന്ന പ്രവണതയുമുണ്ട്. ജര്‍മ്മനി, സ്പെയിന്‍, യുകെ എന്നിവിടങ്ങളില്‍ ഭ്രൂണഹത്യ കേന്ദ്രങ്ങളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിച്ചതും, സ്വവര്‍ഗ്ഗ ബന്ധങ്ങളെ അപലപിച്ച് ബൈബിള്‍ വാക്യം ട്വീറ്റ് ചെയ്തതിനും ഫിന്‍ലാന്‍ഡിലെ മുന്‍ മന്ത്രി പൈവി റസാനനെതിരെ കുറ്റം ചുമത്തിയതും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.