ചൈനയില്‍ കത്തോലിക്ക കന്യാസ്ത്രീക്ക് ‘ഗുഡ് പേഴ്‌സൺ’ അവാര്‍ഡ്

Nov 16, 2023 - 17:00
Nov 17, 2023 - 20:39
 0
ചൈനയില്‍ കത്തോലിക്ക കന്യാസ്ത്രീക്ക് ‘ഗുഡ് പേഴ്‌സൺ’ അവാര്‍ഡ്

തീവ്ര കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയില്‍ സമൂഹത്തിന് നല്‍കിയ അതുല്യമായ സംഭാവനകളുടെ പേരില്‍ കത്തോലിക്ക കന്യാസ്ത്രീക്ക് ‘ഗുഡ്  പേഴ്‌സൺ ’ അവാര്‍ഡ്.  ചൈനയിലെ ജിയാങ്ങ്സു പ്രവിശ്യയിലെ നാന്‍ജിങ്ങ് രൂപതയിലെ കത്തോലിക്ക സന്യാസിനിയായ സിസ്റ്റര്‍ ഷെങ്ങ് യുക്കിനാണ് നാന്‍ജിങ്ങ് നഗരത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കമ്മിറ്റിയുടെ പ്രൊപ്പഗാന്‍ഡാ വിഭാഗവും, മുനിസിപ്പല്‍ ബ്യൂറോ ഓഫ് സിവിലൈസേഷനും ചേര്‍ന്നു ‘ഗുഡ് പേഴ്‌സൺ  ഓഫ് നാന്‍ജിങ്ങ്’  അവാര്‍ഡ് നല്‍കി ആദരിച്ചത്. 

നാന്‍ജിങ്ങ് കത്തോലിക്ക ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റും ഫൗണ്ടേഷന്റെ കീഴിലുള്ള സ്പെഷ്യല്‍ എജ്യൂക്കേഷന്‍ സെന്ററിന്റെ സ്ഥാപകയുമാണ് സിസ്റ്റര്‍ യുക്കിന്‍. മാനസിക വൈകല്യമുള്ളവരെ സഹായിക്കുന്നതിനും, സംരക്ഷിക്കുന്നതിനും, അവരെ ഏറ്റവും അനുയോജ്യമായ സാഹചര്യത്തില്‍ പാര്‍പ്പിക്കുന്നതിനും പ്രത്യാശ പകരുന്നതിനും സിസ്റ്റര്‍ നടത്തിയ ശ്രമങ്ങള്‍ മഹത്തായ രാഷ്ട്രത്തിന്റെ പുനര്‍ജന്മം എന്ന ചൈനീസ് സ്വപ്നത്തേ സാക്ഷാല്‍ക്കരിക്കുന്നതാണെന്ന് അവാര്‍ഡ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ‘ധാര്‍മ്മിക മാതൃക’ എന്ന നിലയിലുള്ള സിസ്റ്റര്‍ സവിശേഷമായ ജീവിതവും, ഒരു കന്യാസ്ത്രീ എന്ന നിലയില്‍ സാമൂഹ്യ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അവ പ്രവര്‍ത്തിയില്‍ കൊണ്ടുവരികയും ചെയ്തുവെന്ന് അധികൃതര്‍ വിലയിരുത്തി.

‘ഞങ്ങളുടെ അടുത്ത് വരുന്ന കുട്ടികള്‍ ഞങ്ങളെ വിട്ടുപോകുവാന്‍ ഇഷ്ടപ്പെടുന്നില്ല’ എന്നതാണ് തന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നതെന്നു അവാർഡ്  ദാന ചടങ്ങില്‍ സിസ്റ്റര്‍ യുക്കിന്‍ പറഞ്ഞു.  നാന്‍ജിങ്ങ് കത്തോലിക്ക ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ കീഴില്‍ മൂന്ന്  ബ്രാഞ്ചുകളിലായി മനോവൈകല്യമുള്ള 137 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇവരുടെ താമസസ്ഥലത്ത് വൈകല്യമുള്ള 34 കുട്ടികള്‍ ഒരു കുടുംബം പോലെയാണ് താമസിക്കുന്നത്. സെന്ററുകളില്‍ സംഗീതവും, ഫിസിക്കല്‍ എജ്യൂക്കേഷനിലൂടെയുള്ള പുനരധിവാസത്തേക്കുറിച്ചും പഠിപ്പിക്കുന്നുണ്ട്. സിസ്റ്ററിന്റേയും, സന്നദ്ധപ്രവര്‍ത്തകരുടേയും സ്നേഹവും പരിപാലനയും വഴി കുട്ടികള്‍ക്ക് വലിയ രീതിയില്‍ മാറ്റം വന്നതായി പലരും അഭിപ്രായപ്പെട്ടിരിന്നു.

2005-ലാണ് നാന്‍ജിങ്ങ് രൂപതക്ക് വേണ്ടി സിസ്റ്റര്‍ യുക്കിന്‍ ‘ആര്‍ക്ക് നാന്‍ജിങ്ങ് സ്പെഷ്യല്‍ എജ്യൂക്കേഷന്‍ സെന്റര്‍’ സ്ഥാപിക്കുന്നത്. ഓട്ടിസം, മാനസികവൈകല്യം എന്നിവ ബാധിച്ച കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഈ സ്ഥാപനത്തിനും നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം ഇതാദ്യമായല്ല സിസ്റ്റര്‍ യുക്കിന്‍ അവാര്‍ഡിനു അര്‍ഹയാവുന്നത്. സമൂഹത്തിനു വേണ്ടി മഹത്തായ സംഭാവനകള്‍ നല്‍കി വരുന്ന സ്ത്രീകള്‍ക്ക് നല്‍കി വരുന്ന ‘റെഡ് ഫ്ലാഗ് വുമന്‍ ഓഫ് ദി എയിറ്റ്ത്ത് മാര്‍ച്ച്’ അവാര്‍ഡിനും കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സിസ്റ്റര്‍ അര്‍ഹയായിരുന്നു.

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL