ഇറാഖിലെ അങ്കാവ യുവജന സംഗമം : ഒരുമിച്ച് കൂടി രണ്ടായിരത്തോളം ക്രൈസ്തവ യുവജനങ്ങൾ
Christian Youth Conference in Iraq

ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ വിതച്ച കനത്ത ദുരിതങ്ങളില്‍ നിന്നു കരകയറി വരുന്ന ഇറാഖില്‍ ക്രൈസ്തവ യുവജനങ്ങൾ ഒരുമിച്ച് കൂടി. ആഗസ്ത് 22-24 തീയതികളിൽ അങ്കാവ - എർബിലിലെ മാർ ഏലിയ ദേവാലയ അങ്കണത്തിൽ നടന്ന ഏഴാമത് വാർഷിക അങ്കാവ യുവജനസംഗമത്തിൽ ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് രണ്ടായിരത്തോളം യുവജനങ്ങൾ ഒത്തുകൂടിയത്.
2014ൽ ഇസ്ലാമിക ഭീകരരുടെ വരവോടെ പതിനായിരകണക്കിന് ക്രൈസ്തവ കുടുംബങ്ങളാണ് മേഖലയില്‍ നിന്നു പലായനം ചെയ്തതെന്ന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് നേരത്തെ വെളിപ്പെടുത്തിയിരിന്നു. ഇതില്‍ 9,000 ക്രൈസ്തവ കുടുംബങ്ങള്‍ മേഖലയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇറാഖിലെ പ്രധാന ക്രൈസ്തവ നഗരമായ ക്വരാഘോഷിൽ അധിനിവേശത്തിന് മുന്‍പ് ഏകദേശം അരലക്ഷം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നതായാണ് കണക്ക്. ഇതില്‍ ഏകദേശം 25,000 പേർ മടങ്ങിയെത്തിയിട്ടുണ്ട്. മേഖലയില്‍ ക്രിസ്തു സ്നേഹത്തെ പ്രതിയുള്ള യുവജനങ്ങളുടെ ഒരുമിച്ച് കൂടല്‍ വിശ്വാസത്തിന്റെ വലിയ സാക്ഷ്യമായാണ് നിരീക്ഷിക്കപ്പെടുന്നത്.