മധ്യപ്രദേശില്‍ നാല്‍പ്പതോളം ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തിയതായി റിപ്പോര്‍ട്ട്
മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ ഫുല്‍ദാവിഡി ഗ്രാമത്തിലെ നാല്‍പ്പതോളം ക്രൈസ്തവരെ തീവ്ര ഹിന്ദുത്വവാദികളായ മതമൗലീകവാദികള്‍ ഭീഷണിപ്പെടുത്തി നിര്‍ബന്ധപൂര്‍വ്വം ഹിന്ദുമതത്തിലേക്ക് പുനര്‍-മതപരിവര്‍ത്തനം ചെയ്തതായി റിപ്പോര്‍ട്ട്.
മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ ഫുല്‍ദാവിഡി ഗ്രാമത്തിലെ നാല്‍പ്പതോളം ക്രൈസ്തവരെ തീവ്ര ഹിന്ദുത്വവാദികളായ മതമൗലീകവാദികള്‍ ഭീഷണിപ്പെടുത്തി നിര്‍ബന്ധപൂര്‍വ്വം ഹിന്ദുമതത്തിലേക്ക് പുനര്‍-മതപരിവര്‍ത്തനം ചെയ്തതായി റിപ്പോര്‍ട്ട്. വാഷിംഗ്‌ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്യുമെനിക്കല്‍ സംഘടനയായ ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജാബുവ ജില്ലയെ ‘മതപരിവര്‍ത്തന മുക്ത’ ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെ ‘വിശ്വ ഹിന്ദു പരിഷത്ത്’ (വി.എച്ച്.പി), ‘ബജ്രംഗ്ദള്‍’ എന്നീ തീവ്രഹിന്ദുത്വവാദി സംഘടനകളാണ് ‘ഘര്‍ വാപസി’ എന്ന നിര്‍ബന്ധിത പുനര്‍-മതപരിവര്‍ത്തന ചടങ്ങ് സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഫുല്‍ദാവിഡി ഗ്രാമത്തിലെ അമ്പലത്തില്‍ ജനുവരി 31-ന് സംഘടിപ്പിച്ച ഘര്‍വാപസി ചടങ്ങില്‍, നാലു വര്‍ഷത്തിലധികമായി ക്രിസ്തു വിശ്വാസം പിന്തുടര്‍ന്നുക്കൊണ്ടിരിന്ന ആനന്ദി ബെന്നും, കുടുംബവും ഉള്‍പ്പെടെയുള്ളവരെ തേങ്ങ ഉടക്കല്‍, പ്രസാദമൂട്ട് തുടങ്ങിയ ഘര്‍ വാപസി ചടങ്ങുകളില്‍ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി ‘ഐ.സി.സി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഘര്‍ വാപസി’യില്‍ പങ്കെടുത്ത് പുനര്‍മതപരിവര്‍ത്തനം ചെയ്യാത്ത ക്രിസ്ത്യാനികളെ ഗ്രാമത്തില്‍ നിന്നും പുറത്താക്കുമെന്നായിരിന്നു ഭീഷണി.
ക്രിസ്ത്യാനിയായി തുടരുകയാണെങ്കില്‍ തങ്ങളുടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ റദ്ദാക്കുമെന്നും, മറ്റ് ക്ഷേമപദ്ധതികളില്‍ നിന്നും ഒഴിവാക്കുമെന്നും, കൃഷിയിടം പിടിച്ചെടുക്കുമെന്നുമൊക്കെയായിരുന്നു ഹിന്ദുത്വവാദികളുടെ ഭീഷണിയെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ ഹൃദയത്തിനുള്ളിലുള്ള വിശ്വാസം ആര്‍ക്കും എടുത്തുമാറ്റുവാന്‍ കഴിയുകയില്ലെന്നു ആനന്ദി ബെന്‍ പറഞ്ഞു. ജാബുവ ജില്ലയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ പതിവായിരിക്കുകയാണെന്നു പ്രദേശവാസികള്‍ പറയുന്നു. ഇതിനു ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഒത്താശയുണ്ടെന്നും ജില്ലയിലെ ചില ദേവാലയങ്ങള്‍ അടച്ചിടുവാന്‍ നിര്‍ബന്ധിതരായ വിശ്വാസികള്‍ രഹസ്യമായിട്ടാണ് പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ‘മതപരിവര്‍ത്തന വിരുദ്ധ നിയമം’ പാസ്സാക്കിയതിന് ശേഷമാണ് ജില്ലയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതെന്നു ‘ഐ.സി.സി’ ചൂണ്ടിക്കാട്ടി. ‘ഓപ്പണ്‍ഡോഴ്സ്’ പുറത്തുവിട്ട, ക്രൈസ്തവരായി ജീവിക്കുവാന്‍ ബുദ്ധിമുട്ടുള്ള 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം.