ക്രൂസേഡ് യോഗത്തില്‍ ഗുണ്ടകള്‍ ഇരച്ചു കയറി; തിക്കിലും തിരക്കിലും 29 മരണം

ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയായുടെ തലസ്ഥാന നഗരിയായ മോണ്‍റ്റോവോയില്‍ പെന്തക്കോസ്തു ചര്‍ച്ചിന്റെ ക്രൂസേഡ് യോഗത്തില്‍ പുറത്തുനിന്നെത്തിയ ഗുണ്ടകള്‍ ഇരച്ചു കയറിയതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 29 വിശ്വാസികള്‍ മരണപ്പെട്ടു.

Feb 1, 2022 - 23:58
 0

നഗരത്തിലെ ന്യൂ കൂ ചെറുസിറ്റിയിലെ ഒരു ഫുട്ബോള്‍ ഗ്രൌണ്ടില്‍വച്ച് ബുധനാഴ്ച രാത്രി നടത്തപ്പെട്ട വേള്‍ഡ് ഓഫ് ലൈഫ് ഔട്ട്റീച്ച് ഇന്റര്‍നാഷണല്‍ സഭയുടെ ക്രൂസേഡിലാണ് ദാരുണമായ സംഭവമുണ്ടായത്. രാത്രി യോഗത്തിന്റെ സമാപന സമയത്ത് ആയുധധാരികളായ ഗുണ്ടകള്‍ അതിക്രമിച്ചു കയറി പണവും മറ്റും കൈക്കലാക്കുവാന്‍ ശ്രമം നടത്തി. അതിനെ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആക്രമണത്തിനൊരുങ്ങി.

ഈ സമയം നൂറുകണക്കിനു വിശ്വാസികള്‍ സന്നിഹിതരായിരുന്നു. ഇവര്‍ ഭയന്നോടിയതിനെത്തുടര്‍ന്നു പലരും താഴെ വീഴുകയും പിന്നോലെയെത്തിയവരുടെ ചവിട്ടേറ്റും മറ്റും ശ്വാസം മുട്ടിയാണ് മരണമുണ്ടായത്. മരിച്ചവരില്‍ 11 കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. 15 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് പോലീസ് വക്താവ് മോസസ് കാര്‍ട്ടര്‍ പറഞ്ഞു.പാസ്റ്റര്‍ ഏബ്രഹാം ക്രോമായുടെ നേതൃത്വത്തിലാണ് മീറ്റിംഗ് ക്രമാകരിച്ചത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിനുത്തരവിട്ടു. രോഗശാന്തി ശുശ്രൂഷകനായ പാസ്റ്റര്‍ ഏബ്രഹാമിന്റെ യോഗത്തില്‍ നിരവധി ആളുകള്‍ പങ്കെടുക്കാറുണ്ട്.