ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് 'സ്വര്‍ഗസ്ഥനായ പിതാവേ...' എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

Greens MP Mehreen Faruqi calls for 'Heavenly Father...' prayer to be removed from Australian Parliament

Jul 15, 2024 - 10:51
Jul 15, 2024 - 14:27
 0
ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് 'സ്വര്‍ഗസ്ഥനായ പിതാവേ...' എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന 'സ്വര്‍ഗസ്ഥനായ പിതാവേ...' എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്. 120 വര്‍ഷത്തിലേറെയായി അനുവര്‍ത്തിച്ചുപോരുന്ന സമ്പ്രദായം മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത് സെനറ്റര്‍ മെഹ്റിന്‍ ഫാറൂഖിയാണ്. ന്യൂ സൗത്ത് വെയ്ല്‍സില്‍നിന്നുള്ള ഗ്രീന്‍പാര്‍ട്ടി എംപിയായ മെഹ്റിന്‍ പാകിസ്ഥാന്‍ വംശജയാണ്.

മതവും സർക്കാരും രണ്ടായി നിലനില്‍ക്കുന്ന ഒരു മതേതര പാര്‍ലമെന്റിലാണ് താന്‍ വിശ്വസിക്കുന്നത്. സെനറ്റ് ആരംഭിക്കുന്നതിനു മുന്നോടിയായി സ്വര്‍ഗസ്ഥനായ പിതാവേ... എന്ന പ്രാര്‍ത്ഥന ചൊല്ലരുതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഇതിനു മുന്‍പും ഫെഡറല്‍ പാര്‍ലമെന്റില്‍ 'സ്വര്‍ഗസ്ഥനായ പിതാവേ...' എന്ന പ്രാര്‍ഥന നീക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം പരാജയപ്പെട്ടിരുന്നു. കേവലം ഒന്നോ രണ്ടോ ജനപ്രതിനിധികളുടെ ഗൂഡലക്ഷ്യങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് പലപ്പോഴും മറ്റു പ്രതിനിധികളുടെ പിന്തുണ ലഭിക്കാറില്ല.

വ്യത്യസ്ത വിശ്വാസങ്ങളെ പ്രതിനിധീകരിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ ഈ രാജ്യത്ത് താമസിക്കുന്നതിനാല്‍ പ്രാര്‍ത്ഥന ഒഴിവാക്കണമെന്നാണ് മെഹ്റിന്റെ വാദം. ഈ മാറ്റത്തിനായി ഞങ്ങള്‍ തുടര്‍ന്നും ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍, ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റിന്റെ പ്രവൃത്തിദിനം ആരംഭിക്കുന്നത് കര്‍ത്താവിന്റെ പ്രാര്‍ത്ഥനയോടെയാണ്. ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി സംസ്ഥാന പാര്‍ലമെന്റ് ഒഴികെ എല്ലാ ഓസ്ട്രേലിയന്‍ പാര്‍ലമെന്റുകളിലും കര്‍ത്താവിന്റെ പ്രാര്‍ത്ഥന ചൊല്ലുന്നുണ്ട്.

പാലസ്തീന്‍ രാഷ്ട്രത്തെ ഓസ്‌ട്രേലിയ അംഗീകരിക്കണമെന്ന് സമ്മര്‍ദം ചെലുത്തുന്ന സെനറ്റര്‍മാരില്‍ മുന്‍നിരയില്‍ മെഹ്റിന്‍ ഫാറൂഖിയുമുണ്ട്. നേരത്തെ വിക്ടോറിയ സംസ്ഥാനത്ത് 'സ്വര്‍ഗസ്ഥനായ പിതാവേ...' എന്ന പ്രാര്‍ഥന പാര്‍ലമെന്റില്‍നിന്നു നീക്കം ചെയ്യാനുള്ള പ്രമേയം ദയനീയമായി പരാജയപ്പെട്ടിരുന്നു. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്നാണ് അന്ന് ആ നീക്കം പരാജയപ്പെട്ടത്.