സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്‌കാര സമർപ്പണവും മാർച്ച് 19ന്
സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്‌കാര സമർപ്പണവും മാർച്ച് 19ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബും മുഖ്യാതിഥികൾ
ഭാഭേദമെന്യേ ലോകമെമ്പാടും പാർക്കുന്ന മലയാളി പെന്തെക്കൊസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്തു മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്‌കാര സമർപ്പണവും മാർച്ച് 19 ന് വൈകിട്ട് 5 മണിക്ക് തിരുവല്ല വൈഎം സിഎ ഹാളിൽ നടക്കും.
പ്രമുഖ ക്രൈസ്തവ മാധ്യമ പ്രവർത്തകനും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന ജോർജ് മത്തായി സി പി എ യുടെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ ബ്രദർ സി വി മാത്യുവിനു സമ്മാനിക്കും. അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി.ജി മാത്യൂസ് അധ്യക്ഷത വഹിക്കും.
പ്രശസ്ത പത്രപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും. ജോൺസൺ മേലേടം (ഡാളസ്സ്) ആമുഖസന്ദേശം നൽകും. ജോർജ് മത്തായിയുടെ അനുഭവങ്ങളും പ്രമുഖരുടെ ഓർമ്മക്കുറിപ്പുകളും അടങ്ങുന്ന പുസ്തകം പ്രകാശനം ചെയ്യും.
വിവിധ സഭാ നേതാക്കൾ, മാധ്യമ പ്രവർത്തകർ, എഴുത്തുകാർ, അഭ്യൂദയകാംക്ഷികൾ എന്നിവർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ അറിയിച്ചു.