ബി.ജെ.പി. പിന്തുണയോടെ ക്രൈസ്തവ പാർട്ടി; പേര് എൻ.പി.പി

NPP-Christian Political party forming

Feb 27, 2023 - 17:57
Feb 27, 2023 - 18:25
 0

ബി.ജെ.പി. പിന്തുണയോടെ പുതിയ ക്രൈസ്തവ പാർട്ടി രൂപവത്‌കരിക്കാനുള്ള നീക്കം അന്തിമഘട്ടത്തിൽ. നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാർട്ടി (എൻ.പി.പി.) എന്നാണ് പേരിട്ടിരിക്കുന്നത്. ബി.ജെ.പി. കേന്ദ്രനേതൃത്വമാണ് പേര് നിർദേശിച്ചതെന്നാണ് വിവരം. ചില കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഒരു വർഷത്തിലേറെയായി നടന്നുവരുന്ന ചർച്ചകൾക്കൊടുവിലാണ് പാർട്ടി രൂപവത്കരിക്കാൻ തീരുമാനിച്ചത്.  ഒരു പുതിയ ക്രൈസ്തവ പാർട്ടി രൂപവത്കരിച്ച് എൻ.ഡി.എ.യുടെ ഭാഗമാക്കുകയാണ് ബി.ജെ.പി.യുടെലക്ഷ്യമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.  

പ്രമുഖ കേരള കോൺഗ്രസ് വിഭാഗത്തിന്റെ എറണാകുളം, ഇടുക്കി ജില്ലകളിൽനിന്നുള്ള രണ്ട് മുൻ എം.എൽ.എ.മാർ, കേരള കോൺഗ്രസ്, കോൺഗ്രസ് പാർട്ടികളിൽനിന്ന് എം.പി.യും എം.എൽ.എ.യുമായ മുതിർന്ന നേതാവ് എന്നിവരാണ് പുതിയ പാർട്ടിയുടെ മുൻനിരയിലുള്ളത്. മധ്യതിരുവിതാംകൂറിലെ ഒരു മുൻ മെത്രാനും ബി.ജെ.പി. നേതൃത്വവുമായുള്ള  ചർച്ചകളിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില ക്രൈസ്തവ ഗ്രൂപ്പുകളെക്കൂടി എൻ.പി.പി.യുടെ ഭാഗമാക്കാനാണ് ശ്രമം. നിലവിൽ കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു അൽമായ സംഘടനയും പുതിയ പാർട്ടിയിൽ ചേരും. ഡൽഹി, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ഇതുസംബന്ധിച്ച ചർച്ചകൾ പലതവണ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ കേരളത്തിലെ മുതിർന്ന ബി.ജെ.പി. നേതാക്കളും പങ്കെടുത്തതായാണ് അറിയുന്നത്. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ പുതിയ പാർട്ടിയുടെ നേതാക്കൾക്ക് നൽകുന്നതു സംബന്ധിച്ചും ചർച്ചയുണ്ടായി. ഇക്കാര്യം തത്ത്വത്തിൽ തീരുമാനിച്ചെന്നാണ് വിവരം.