സുവിശേഷം പ്രഘോഷിക്കുന്നത് തടയുന്ന നിയമം ഇസ്രായേല്‍ പാസാക്കില്ല; ക്രൈസ്തവര്‍ക്ക് നെതന്യാഹുവിന്റെ ഉറപ്പ്

Mar 25, 2023 - 17:41
 0
സുവിശേഷം പ്രഘോഷിക്കുന്നത് തടയുന്ന നിയമം ഇസ്രായേല്‍ പാസാക്കില്ല; ക്രൈസ്തവര്‍ക്ക് നെതന്യാഹുവിന്റെ ഉറപ്പ്

തന്റെ സര്‍ക്കാരോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇസ്രായേലി സര്‍ക്കാരോ രാജ്യത്ത് സുവിശേഷം പ്രഘോഷിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമം പാസ്സാക്കാന്‍ പോകുന്നില്ലെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രായപൂര്‍ത്തിയാകാത്തവരെ മതം മാറ്റുന്നതും, സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതും കുറ്റകരമാക്കുന്ന ബില്‍ ‘യുണൈറ്റഡ് തോറ ജൂദായിസ’ത്തിന്റെ എം.കെ മോഷെ ഗാഫ്നി അവതരിപ്പിച്ചതിനെത്തുടര്‍ന്ന്‍ ആശങ്കയേറിയിരിന്നു. ഈ പശ്ചാത്തലത്തിലാണ് ബെഞ്ചമിന്‍ നെതന്യാഹു, ക്രൈസ്തവര്‍ക്ക് ഈ ഉറപ്പ് നല്‍കിയത്.

യേശുവിനെ കുറിച്ച് പഠിപ്പിക്കുന്ന ഹീബ്രു ഭാഷയിലുള്ള ഓണ്‍ലൈന്‍ വീഡിയോകളുടെ പ്രചരണവും ഗാഫ്നിയുടെ ബില്ലിന്റെ പരിധിയില്‍ വരുന്നുണ്ട്. അതേസമയം ഏറ്റവും ചുരുങ്ങിയത് 6 പ്രാവശ്യമെങ്കിലും ഈ ബില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ബില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കുറഞ്ഞ പിന്തുണപോലും ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വളരെ കുറച്ച് ഇസ്രായേലി നിയമസാമാജികര്‍ മാത്രമേ ഈ ബില്ലിനെ അനുകൂലിക്കുന്നുള്ളൂ എന്നതിനാല്‍ ഈ ബില്‍ നിര്‍ദ്ദേശഘട്ടത്തിനപ്പുറം പോകാറില്ല. അതേസമയം വിശുദ്ധ നാട്ടില്‍ ക്രൈസ്തവര്‍ക്ക് നേരെ തീവ്രയഹൂദവാദികളുടെ ക്രൈസ്തവ വിരുദ്ധ ആക്രമണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ സഭാനേതൃത്വം ആശങ്ക പ്രകടിപ്പിച്ചിരിന്നു.

ബില്‍ പിന്‍വലിച്ച ശേഷമാണ് നെതന്യാഹു സമൂഹമാധ്യമങ്ങളിലൂടെ ക്രൈസ്തവര്‍ക്ക് ഉറപ്പ് നല്കിയിരിക്കുന്നതെന്നു ‘ഇസ്രായേല്‍ റ്റുഡേ’ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിനോട് മുന്‍പ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന മുസ്ലീം രാഷ്ട്രങ്ങള്‍ പോലും ഇസ്രായേലിനോടുള്ള മനോഭാവം മാറ്റുന്നതില്‍ ഇസ്രായേല്‍ അനുകൂല ക്രൈസ്തവ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്. ബെഞ്ചമിന്‍ നെതന്യാഹു ക്രൈസ്തവ സംരക്ഷണം ഉറപ്പു നല്‍കാന്‍ ഇതും കാരണമായിട്ടുണ്ടാകാമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

Register free  christianworldmatrimony.com

christianworldmatrimony.com