നിശ്ചലമായി നയാഗ്രാ വെള്ളച്ചാട്ടം; അമേരിക്കയിൽ ദുരിതം വിതച്ച് ശീതക്കാറ്റ്

Dec 29, 2022 - 00:17
 0
നിശ്ചലമായി നയാഗ്രാ വെള്ളച്ചാട്ടം; അമേരിക്കയിൽ ദുരിതം വിതച്ച് ശീതക്കാറ്റ്

അതിശൈത്യം മൂലം കഴിഞ്ഞ ഏതാനും നാളുകളായി പ്രയാസപ്പെടുകയാണ് അമേരിക്കൻ ജനത. വലിയൊരു വിഭാഗമാളുകൾക്ക് വൈദ്യുതി പോലും ലഭ്യമല്ലെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് ലോകപ്രശ്‌സതമായ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തണുപ്പിൽ നിശ്ചലമായ വെള്ളച്ചാട്ടമാണ് ദൃശ്യങ്ങളിലുള്ളത്. വെള്ളച്ചാട്ടത്തിന്റെ പല ഭാഗങ്ങളും പൂർണമായും ഉറച്ചുപോയെങ്കിലും ചിലയിടങ്ങളിൽ വെള്ളം ഒഴുകുന്നുണ്ട്. നയാഗ്രാ നദിയിൽ നിന്നും 3,160 ടൺ വെള്ളമായിരുന്നു ഓരോ സെക്കൻഡിലും നിലത്ത് പതിച്ചിരുന്നത്. 32 അടി ഉയരത്തിൽ നിന്നാണ് വെള്ളം വീണിരുന്നത്.

ഇതിന് മുമ്പും നയാഗ്ര വെള്ളച്ചാട്ടം നിശ്ചലമായിട്ടുണ്ട്. 1848, 1911, 1912, 1917, 2014, 2015, 2018 വർഷങ്ങളിലാണ് ഇതിന് മുമ്പ് വെള്ളച്ചാട്ടം തണുത്തുറഞ്ഞ് നിശ്ചലമായത്. പൂർണമായിട്ടല്ലെങ്കിലും വെള്ളച്ചാട്ടത്തിന്റെ ഭൂരിഭാഗവും ഇപ്പോൾ ഉറഞ്ഞിരിക്കുകയാണ്. എത്ര കഠിനമായ ശൈത്യമുണ്ടായാലും വെള്ളച്ചാട്ടം പൂർണമായും നിശ്ചലമാകില്ലെന്നാണ് യുഎസ്എയുടെ ടൂറിസം വെബ്‌സൈറ്റിൽ സൂചിപ്പിക്കുന്നത്.

അമേരിക്കയിൽ തുടരുന്ന അതിശൈത്യം മൂലം 50ഓളം പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. നൂറ് വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തണുപ്പാണ് അമേരിക്കയിൽ അനുഭവപ്പെടുന്നത്. പലയിടത്തും -50 ഡിഗ്രി താപനിലയിലെത്തിയെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ.