പാക്കിസ്ഥാനില്‍ പാസ്റ്ററുടെ കൊലപാതകം: പ്രതിഷേധവുമായി ക്രൈസ്തവര്‍ തെരുവില്‍

പാക്കിസ്ഥാന്റെ വടക്ക്പടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ ആംഗ്ലിക്കന്‍ പാസ്റ്ററെ വെടിവെച്ച് കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധം വീണ്ടും ശക്തമാകുന്നു. ഫെബ്രുവരി 6-ന് കറാച്ചി പ്രസ്സ് ക്ലബ്ബിന് മുന്നില്‍ ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമാധാനപരമായ പ്രതിഷേധത്തില്‍ നിരവധി മനുഷ്യാവകാശ സംഘടനകളും, മതന്യൂനപക്ഷ സംഘടനകളും പങ്കെടുത്തു.

Feb 11, 2022 - 17:34
 0
പാക്കിസ്ഥാനില്‍ പാസ്റ്ററുടെ കൊലപാതകം: പ്രതിഷേധവുമായി ക്രൈസ്തവര്‍ തെരുവില്‍

പാക്കിസ്ഥാന്റെ വടക്ക്പടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ ആംഗ്ലിക്കന്‍ പാസ്റ്ററെ വെടിവെച്ച് കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധം വീണ്ടും ശക്തമാകുന്നു. ഫെബ്രുവരി 6-ന് കറാച്ചി പ്രസ്സ് ക്ലബ്ബിന് മുന്നില്‍ ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമാധാനപരമായ പ്രതിഷേധത്തില്‍ നിരവധി മനുഷ്യാവകാശ സംഘടനകളും, മതന്യൂനപക്ഷ സംഘടനകളും പങ്കെടുത്തു. പാസ്റ്ററുടെ കൊലപാതകവും, മതന്യൂനപക്ഷങ്ങള്‍ക്ക് നേര്‍ക്കുള്ള തുടര്‍ച്ചയായ ആക്രമണങ്ങളും മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ സുരക്ഷിതത്വമില്ലായ്മ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം ആരോപിച്ചു. പാസ്റ്റര്‍ വില്ല്യം സിറാജിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ക്രൈസ്തവര്‍ക്കിടയില്‍ ഉണ്ടാകുന്ന അരക്ഷിതാവസ്ഥയില്‍ തനിച്ചാണെന്നും, സംരക്ഷണമില്ലാതെ അപകടത്തിലാണെന്നുമുള്ള തോന്നലാണ് തങ്ങളില്‍ ഉളവാക്കുന്നതെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത ‘മുത്തഹിദ മസീഹി കൗണ്‍സില്‍’ ചെയര്‍മാന്‍ നോയല്‍ ഇജാസ് പറഞ്ഞു. “ഞങ്ങള്‍ മര്‍ദ്ദിക്കപ്പെടുന്നു, ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നു, ഞങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു. എങ്കിലും തങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലായെന്ന് ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും, ദി വോയിസ് ഓഫ് ജസ്റ്റിസ് ഗ്രൂപ്പ് പ്രതിനിധിയുമായ ആസിഫ് ബാസ്റ്റ്യന്‍ പറഞ്ഞു.

ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് അക്രമികള്‍ക്ക് പ്രോത്സാഹനമേകുന്നുണ്ട്. പാസ്റ്റര്‍ സിറാജിനെ കൊലപ്പെടുത്തിയവരെ വിചാരണ ചെയ്ത് തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹിന്ദു വ്യാപാരിയായ സട്ടന്‍ ലാലിന്റെ കൊലപാതകത്തിനെതിരേയും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ശബ്ദമുയര്‍ത്തി. ‘നാഷ്ണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസും, (എന്‍.സി.ജെ.പി) കറാച്ചി മെത്രാപ്പോലീത്ത ബെന്നി മാരിയോ ട്രവാസും ആക്രമണത്തിനെതിരെ പ്രാര്‍ത്ഥനയിലൂടെ ഒന്നിക്കണമെന്ന് രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹത്തോട് കഴിഞ്ഞയാഴ്ച ആഹ്വാനം ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 30ന് പ്രാര്‍ത്ഥനാ ശുശ്രൂഷ കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് പാക്കിസ്ഥാനിലെ പ്രൊട്ടസ്റ്റന്റ് സഭകളുടെ കൂട്ടായ്മയായ ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്റെ പെഷവാര്‍ സഭാ ശുശ്രൂഷകനായ പാസ്റ്റര്‍ വില്ല്യം സിറാജ് മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ്‌ കൊല്ലപ്പെടുന്നത്. കാറിലുണ്ടായിരുന്ന സഹ ശുശ്രൂഷകനായ പാട്രിക് നയീമിന് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ക്രിസ്ത്യാനികള്‍ക്ക് സംരക്ഷണവും നീതിയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.