ആദ്യം ഇസ്ലാം മത വിശ്വാസി, പിന്നീട് നിരീശ്വരവാദി; താനിപ്പോള്‍ ക്രൈസ്തവ വിശ്വാസിയാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക അയാന്‍ അലി

Nov 15, 2023 - 16:02
 0
ആദ്യം ഇസ്ലാം മത വിശ്വാസി, പിന്നീട് നിരീശ്വരവാദി; താനിപ്പോള്‍ ക്രൈസ്തവ വിശ്വാസിയാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക അയാന്‍ അലി

ഇസ്ലാം ഉപേക്ഷിച്ച് നിരീശ്വരവാദം സ്വീകരിച്ചശേഷം വിവിധ ചര്‍ച്ചകളിലൂടെ പ്രശസ്തയായ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും രചയിതാവുമായ അയാന്‍ ഹിര്‍സി അലി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതായി അറിയിച്ചു . ഇസ്ലാമില്‍ നിന്നും നിരീശ്വരവാദത്തില്‍ എത്തി, ഒടുവില്‍ ക്രിസ്തു വിശ്വാസം സ്വീകരിച്ച തന്റെ യാത്രയേക്കുറിച്ച് ഹിര്‍സി അലി തന്നെയാണ് പരസ്യമായി പ്രഖ്യാപിച്ചത് . 1927-ല്‍ ബെര്‍ട്രാന്‍ഡ് റസ്സല്‍ നടത്തിയ “ഞാന്‍ എന്തുകൊണ്ട് ക്രിസ്ത്യാനി അല്ല” എന്ന പ്രഭാഷണം ഒരിക്കല്‍ കേള്‍ക്കുവാന്‍ ഇടയായതാണ് തന്നെ നിരീശ്വരവാദത്തില്‍ എത്തിച്ചതെന്നു ‘അണ്‍ഹെര്‍ഡ്’ എന്ന ബ്രിട്ടീഷ് വാര്‍ത്താ വെബ്സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ ഹിര്‍സി അലി കുറിച്ചു. “എന്തുകൊണ്ട് ഞാനിപ്പോള്‍ ക്രിസ്ത്യാനി ആയി” എന്ന ലേഖനത്തിലൂടെയാണ് താൻ ക്രിസ്തീയ വിശ്വാസം സ്വീകരിച്ച കാര്യം വെളിപ്പെടുത്തിയത് .

ബെര്‍ട്രാന്‍ഡ് റസ്സലിന്റെ പ്രഭാഷണത്തിനു ഒരു നൂറ്റാണ്ടു ശേഷം അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ തലക്കെട്ടിന് തികച്ചും വിപരീതമായ തലക്കെട്ടോടെ ലേഖനം എഴുതുവാന്‍ താന്‍ നിര്‍ബന്ധിതയായെന്ന് സൊമാലിയന്‍ സ്വദേശി കൂടിയായ ഹിര്‍സി അലി പറയുന്നു. കൗമാരക്കാലത്ത് കടുത്ത മുസ്ലീമായിരുന്ന ഹിര്‍സി അലിക്ക് മുസ്ലീങ്ങള്‍ അല്ലാത്തവരോട് പ്രത്യേകിച്ച് യഹൂദരോട്‌ വെറുപ്പായിരുന്നു. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ തീവ്രവാദി ആക്രമണത്തോടെയാണ് ഹിര്‍സി അലി ഇസ്ലാമില്‍ നിന്നും അകലുവാന്‍ തുടങ്ങിയത്. മതത്തിന്റെ പേരില്‍ നടത്തുന്ന ആക്രമണങ്ങളിലും ഉയരുന്ന ന്യായവാദങ്ങളെ അവള്‍ ചോദ്യം ചെയ്യുവാന്‍ തുടങ്ങി. നിരീശ്വരവാദത്തോട് അടുത്ത ശേഷമാണ് അവളുടെ യഹൂദ വിരുദ്ധ കാഴ്ചപ്പാടില്‍ മാറ്റം വന്നത്.

Register free  christianworldmatrimony.com

പാശ്ചാത്യ ലോകം നേരിടുന്ന വെല്ലുവിളികളേക്കുറിച്ചുള്ള ആശങ്കയെ തുടര്‍ന്നാണ് താനിപ്പോള്‍ ക്രിസ്തു വിശ്വാസം സ്വീകരിക്കുന്നതെന്നു ഹിര്‍സി അലി പറയുന്നു. ഭീഷണിപ്പെടുത്തുന്ന ആഗോള ഇസ്ലാമിക ചിന്താഗതിയുടെ ഉദയം, വരും തലമുറയുടെ ധാർമ്മികത തിന്നുതീർക്കുന്ന നിലപാടുകൾ എന്നിവയിൽ ആശങ്കയുണ്ട്. മനുഷ്യജീവിതം, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെയും പാരമ്പര്യങ്ങളുടെയും അടിത്തറ വാഗ്ദാനം ചെയ്യുന്നത് ക്രിസ്തീയ വിശ്വാസമാണെന്നു ഹിര്‍സി ചൂണ്ടിക്കാട്ടുന്നു. ആത്മീയമായ സമാധാനവും, ജീവിതത്തിന്റെ അര്‍ത്ഥവും അറിയുവാനുള്ള ത്വരയും ക്രിസ്തു വിശ്വാസം സ്വീകരിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചുവെന്നു അവള്‍ വെളിപ്പെടുത്തി.

ഒരു മുസ്ലീം തത്ത്വചിന്തകന് ഒരു മുസ്ലീം രാജ്യത്തിലെ ഏതെങ്കിലും സദസ്സിനു മുന്നിൽ "ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല" എന്ന തലക്കെട്ടിൽ ഒരു പ്രഭാഷണം നടത്താൻ കഴിയുമോ? വാസ്തവത്തിൽ, ആ തലക്കെട്ടുള്ള ഒരു പുസ്തകം നിലവിലുണ്ട്, അത് ഒരു മുൻ മുസ്ലീം എഴുതിയതാണ്. എന്നാൽ എഴുത്തുകാരൻ അത് അമേരിക്കയിൽ ഇബ്നു വറഖ് എന്ന ഓമനപ്പേരിൽ പ്രസിദ്ധീകരിച്ചു. അല്ലാത്തപക്ഷം അത് വളരെ അപകടകരമാകുമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, മനസ്സാക്ഷിയുടെയും സംസാരത്തിന്റെയും സ്വാതന്ത്ര്യമാണ് പാശ്ചാത്യ ലോകത്തിന്റെ ഏറ്റവും വലിയ നേട്ടം. അത് മനുഷ്യന് സ്വാഭാവികമായി വരുന്നതല്ല.

യഹൂദ, ക്രിസ്ത്യൻ സമൂഹങ്ങൾക്കുള്ളിൽ നൂറ്റാണ്ടുകളായി നടക്കുന്ന സംവാദങ്ങളുടെ ഫലമാണിത്. യഹൂദ ക്രൈസ്തവ സംവാദങ്ങളാണ് ശാസ്ത്രത്തെയും യുക്തിയെയും വികസിപ്പിച്ചത്. അന്ധവിശ്വാസങ്ങളെ അടിച്ചമർത്തുന്നതും, കഴിയുന്നത്ര ആളുകൾക്ക് സ്വാതന്ത്ര്യം ഉറപ്പുനൽകിക്കൊണ്ട്, ജീവിതം ക്രമപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി സ്ഥാപനങ്ങൾ നിർമ്മിച്ചതും അവരാണ്. ഇസ്ലാമിൽ നിന്ന് വ്യത്യസ്തമായി, ക്രൈസ്തവ വിശ്വാസം ചിന്തിക്കുന്നു. പാപികളോടുള്ള അനുകമ്പയും വിശ്വാസിയോടുള്ള വിനയവും ക്രിസ്തു പഠിപ്പിക്കുന്നു. തന്റെ ലളിതമായ ചോദ്യത്തിന് ഉത്തരം നൽകാൻ നിരീശ്വരവാദം പരാജയപ്പെട്ടു: ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും എന്താണ്? അതാണ് ക്രിസ്തു വിശ്വാസത്തിലേക്ക് തന്നെ ആകൃഷ്ട്ടയാക്കിയതെന്നും അവര്‍ പറഞ്ഞു.

2015-ല്‍ നാഷ്ണല്‍ പ്രസ്സ് ക്ലബ്ബില്‍ സംസാരിക്കവേ ഇസ്ലാമില്‍ സമാധാനപരമായ നവോത്ഥാനം കൊണ്ടുവരുന്നതിനു വിവിധ ഭേദഗതികള്‍ ഹിര്‍സി മുന്നോട്ടുവെച്ചിരിന്നു. ഖുറാനും, ഹദീതുകളും മനുഷ്യര്‍ സൃഷ്ടിച്ചതാണെന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കണമെന്നാണ് ഹിര്‍സി നിര്‍ദ്ദേശിച്ച ആദ്യ ഭേദഗതി. ജീവിതം, മരണം, മരണാനന്തര ജീവിതം എന്നിവയിലുള്ള മുസ്ലീങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തണം. ശരിയത്ത് നിയമം വ്യാപകമായ അക്രമണങ്ങള്‍ക്കും അടിച്ചമര്‍ത്തലിനും കാരണമാകുന്നുണ്ടെന്നു അവള്‍ ചൂണ്ടിക്കാട്ടിയിരിന്നു. അമേരിക്കയിലെ പ്രസിദ്ധമായ ടൈം മാഗസിനില്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി കൂടിയാണ് അലി.

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL