പാക്കിസ്ഥാനില്‍ ദേശസാല്‍ക്കരിക്കപ്പെട്ട ക്രിസ്ത്യന്‍ കോളേജ് തിരികെ നല്‍കാന്‍ സുപ്രീം കോടതി വിധി

Nov 22, 2023 - 07:58
 0
പാക്കിസ്ഥാനില്‍ ദേശസാല്‍ക്കരിക്കപ്പെട്ട ക്രിസ്ത്യന്‍ കോളേജ് തിരികെ നല്‍കാന്‍ സുപ്രീം കോടതി വിധി

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ റാവല്‍പിണ്ടിയില്‍ 1893-ല്‍ സ്ഥാപിതമായ ചരിത്ര പ്രസിദ്ധമായ ഗോര്‍ഡോണ്‍ ക്രിസ്ത്യന്‍ കോളേജ് അതിന്റെ ഉടമകളായ പ്രിസ്ബൈറ്റേറിയന്‍ സഭക്ക് വിട്ടുനല്‍കാന്‍ പാക്കിസ്ഥാൻ   സുപ്രീം കോടതി വിധി. ഗോര്‍ഡോണ്‍ കോളേജിന്റെ ഉടമസ്ഥതയും, നടത്തിപ്പും സ്വന്തമായ പ്രിസ്ബൈറ്റേറിയന്‍ സമൂഹത്തിന് തിരികെ നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധിപ്രസ്താവം നവംബര്‍ 10-നാണ് പുറത്തുവന്നത്. സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 1972-ലാണ് ഗോര്‍ഡോണ്‍ കോളേജ് ദേശസാല്‍ക്കരിച്ചത്. അന്നുമുതല്‍ തുടങ്ങിയ നിയമപോരാട്ടത്തിനാണ് ഇതോടെ അവസാനമായത്.

കോളേജിലെ ഭാവി സ്വകാര്യമാനേജ്മെന്റിന്റെ നടപടികള്‍ തങ്ങളുടെ പഠനത്തെ ബാധിക്കുമോ എന്ന നിലവിലെ വിദ്യാര്‍ത്ഥികളുടേയും, അദ്ധ്യാപകരുടേയും ഭയാശങ്കകള്‍ കാരണം പ്രശ്നം ഇപ്പോള്‍ വന്‍വിവാദമായി മാറിയിരിന്നു. ഇതേ തുടര്‍ന്നു സര്‍ക്കാര്‍ കോളേജ് സ്വകാര്യ മാനേജ്മെന്റിന് വിട്ടുനല്‍കുന്നതിനെതിരെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിഷേധ പ്രകടനങ്ങളും നടത്തി. ബ്രിട്ടീഷ് ഇന്ത്യയിലെ കല്‍ക്കട്ട സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജിന് അമേരിക്കന്‍ പ്രിസ്ബൈറ്റേറിയന്‍ മിഷന്റെ ഇന്ത്യയിലെ തലവനായ ആന്‍ഡ്ര്യൂ ഗോര്‍ഡോണിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. 1893 മുതല്‍ 1972 വരെ പ്രിസ്ബൈറ്റേറിയന്‍ സമൂഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വത്ത് അവര്‍ക്ക് തിരികെനല്‍കുക മാത്രമാണ് സുപ്രീംകോടതി ചെയ്തത്.

പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ മതപരവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍ക്ക് ഭീഷണി സൃഷ്ട്ടിച്ച് സ്വകാര്യ സ്ഥാപനങ്ങളെ ദേശസാല്‍ക്കരിച്ചുകൊണ്ടുള്ള സുള്‍ഫിക്കര്‍ അലി ഭൂട്ടോ സര്‍ക്കാരിന്റെ 1972-ലെ മാര്‍ഷ്യല്‍ ലോ ഓര്‍ഡറിന് നിരവധി ക്രിസ്ത്യന്‍ സ്കൂളുകളും കോളേജുകളും ഇരയായിട്ടുണ്ട്. 118 ക്രിസ്ത്യന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളാണ് ദേശസാല്‍ക്കരിക്കപ്പെട്ടത്. 2019 നവംബര്‍ വരെ ഇതില്‍ 50 ശതമാനത്തോളം അതിന്റെ നിയമപരമായ ഉടമകള്‍ക്ക് തിരികെ നല്‍കിയിരുന്നു. 2004-ല്‍ പ്രസിഡന്റ് പ്രസിഡന്റ് പര്‍വേസ് മുഷറഫ് മതന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങള്‍ വിട്ടുനല്‍കുവാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന്‍ 59 സ്ഥാപനങ്ങള്‍ സഭക്ക് തിരികെ ലഭിച്ചിരുന്നു. പെഷവാറിലെ പ്രസിദ്ധമായ എഡ്വേര്‍ഡ് കോളേജിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്.

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL