ചെന്നൈ രാജ്യാന്തര കൺവെൻഷൻ സമാപനം: “ദൈവസ്നേഹത്തിലാണ് യഥാർത്ഥ വിശ്രമം” — ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു
TPM Chennai Convention | ചെന്നൈ രാജ്യാന്തര കൺവെൻഷൻ സമാപനം: “ദൈവസ്നേഹത്തിലാണ് യഥാർത്ഥ വിശ്രമം” — ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു
ദൈവം മനുഷ്യനോടുള്ള തീക്ഷ്ണമായ സ്നേഹത്തിലാണ് യഥാർത്ഥ സമാധാനവും വിശ്രമവും ലഭിക്കുന്നതെന്ന് ദി പെന്തെക്കോസ്ത് മിഷൻ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു പ്രസ്താവിച്ചു. ചെന്നൈ താമ്പരത്തിനടുത്ത് ഇരുമ്പല്ലിയൂർ കൺവെൻഷൻ ഗ്രൗണ്ടിൽ നടന്ന രാജ്യാന്തര കൺവെൻഷന്റെ സമാപനദിന സംയുക്ത ആരാധനയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ കുറവുകൾ പരിഗണിക്കാതെയാണ് ദൈവം നിരന്തരം സ്നേഹിക്കുന്നതെന്നും, ആ സ്നേഹത്തിന്റെ തണലിലാണ് മനുഷ്യന് ആത്യന്തിക സമാധാനം ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാസ്റ്റർ എം. ടി. തോമസിന്റെ പ്രാർത്ഥനയോടെയാണ് സംയുക്ത ആരാധന ആരംഭിച്ചത്. വിവിധ ഭാഷകളിൽ മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിച്ചു.
വൈകിട്ട് നടന്ന പ്രത്യേക രോഗശാന്തി ശുശ്രൂഷയിൽ പാസ്റ്റർ എസ്. ഏബ്രഹാം (അഡയാർ) പ്രസംഗിച്ചു. കൺവെൻഷനോടനുബന്ധിച്ച് സ്തോത്രാരാധന, ബൈബിൾ ക്ലാസുകൾ, പൊതുയോഗങ്ങൾ, ഉണർവ് യോഗങ്ങൾ, യുവജനസമ്മേളനങ്ങൾ, സുവിശേഷപ്രസംഗങ്ങൾ, അനുഭവസാക്ഷ്യങ്ങൾ, സ്നാന ശുശ്രൂഷകൾ എന്നിവ നടന്നു.
ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം. ടി. തോമസ്, അസോസിയേറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി. ജെയം, പാസ്റ്റർ എസ്. രാജേന്ദ്രൻ (മലേഷ്യ), പാസ്റ്റർ പി. മാത്യൂ ജോൺ (യു.എസ്.) എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിച്ചു. പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി.
മാർച്ച് 16-ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ ശുശ്രൂഷകരെ തെരഞ്ഞെടുത്തു. 20 പേരെ ബ്രദർമാരായും 55 പേരെ സിസ്റ്റർമാരായും തിരഞ്ഞെടുത്തപ്പോൾ, 37 പേർക്ക് പാസ്റ്റർമാരായി സ്ഥാനക്കയറ്റം നൽകി. കേരളം ഉൾപ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ളതും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ളതുമായ ലക്ഷത്തിലധികം വിശ്വാസികൾ കൺവെൻഷനിൽ പങ്കെടുത്തു.
“ദുഃഖങ്ങൾക്ക് ശാശ്വത പരിഹാരം ക്രിസ്തുവിൽ” — എസ്. രാജേന്ദ്രൻ
കൺവെൻഷന്റെ പ്രാരംഭ ദിനത്തിൽ പ്രസംഗിച്ച പാസ്റ്റർ എസ്. രാജേന്ദ്രൻ (മലേഷ്യ), മനുഷ്യന്റെ താൽക്കാലികവും നിത്യവുമായ ദുഃഖങ്ങൾക്ക് ക്രിസ്തുവിൽ ശാശ്വത പരിഹാരം ഉണ്ടെന്ന് വ്യക്തമാക്കി.
ദൈവാനുഗ്രഹത്തിലൂടെ ആത്മീയ പൂർണ്ണത: പി. മാത്യൂ ജോൺ
രണ്ടാം ദിന യോഗത്തിൽ പ്രസംഗിച്ച പാസ്റ്റർ പി. മാത്യൂ ജോൺ (യു.എസ്.), യേശുക്രിസ്തുവിലൂടെ ദൈവം മനുഷ്യർക്കുള്ള അനുഗ്രഹങ്ങൾ വെളിപ്പെടുത്തുന്നുവെന്നും, വിശ്വാസത്തിലൂടെ ആത്മീയ പൂർണ്ണത പ്രാപിക്കണമെന്നും ആഹ്വാനം ചെയ്തു.
“യേശുക്രിസ്തു സമൃദ്ധമായ ജീവിതത്തിനായി” — ജി. ജെയം
മൂന്നാം ദിന സമ്മേളനത്തിൽ അസോസിയേറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി. ജെയം, യേശുക്രിസ്തു മനുഷ്യരെ പാപങ്ങളിൽ നിന്ന് രക്ഷിച്ച് ആത്മീയ സമൃദ്ധി നൽകാനാണ് ഭൂമിയിൽ വന്നതെന്ന് പ്രസ്താവിച്ചു. വിശ്വാസികൾ ക്രിസ്തുവിന്റെ പാത പിന്തുടർന്ന് ആത്മീയ ചൈതന്യത്തിലേക്ക് ലോകത്തെ നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആത്മീയ ജീവിതം കൈവിടരുത്: എം. ടി. തോമസ്
കൺവെൻഷന്റെ നാലാം ദിന യോഗത്തിൽ പ്രസംഗിച്ച ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം. ടി. തോമസ്, ഭൗതിക നേട്ടങ്ങൾക്കായി വിശ്വാസികൾ ആത്മീയ ജീവിതശൈലി ഉപേക്ഷിക്കരുതെന്ന് ആഹ്വാനം ചെയ്തു. ദൈവഭക്തിയോടെയുള്ള ജീവിതമാണ് ക്രൈസ്തവരുടെ അടിസ്ഥാനമെന്നും, ഭൗതിക നേട്ടങ്ങൾ അതിനൊപ്പം സ്വാഭാവികമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൺവെൻഷൻ ദിവസങ്ങളിൽ പുലർച്ചെ മുതൽ രാത്രി വരെ വിവിധ ആത്മീയ പരിപാടികൾ നടന്നു. സ്തോത്രാരാധന, ബൈബിൾ ക്ലാസുകൾ, പൊതുയോഗങ്ങൾ, കാത്തിരിപ്പുയോഗങ്ങൾ, യുവജനസമ്മേളനങ്ങൾ, സംഗീതശുശ്രൂഷകൾ, സുവിശേഷപ്രസംഗങ്ങൾ, രോഗശാന്തി ശുശ്രൂഷകൾ എന്നിവയിൽ വിശ്വാസികൾ സജീവമായി പങ്കെടുത്തു.
തമിഴ്നാട് സർക്കാർ പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിരുന്നു. കൺവെൻഷൻ കാലയളവിൽ 24 മണിക്കൂറും ഉപവാസ പ്രാർത്ഥനയും നടന്നു. കുട്ടികൾക്കായി പ്രത്യേക ആത്മീയ പരിപാടികളും സംഘടിപ്പിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0