വിദേശ ധനസഹായം കൈപ്പറ്റുന്ന സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങൾ (FCRA) കേന്ദ്ര സർക്കാർ കർശനമാക്കി. സംഘടനകൾ തങ്ങളുടെ പ്രവർത്തന ലക്ഷ്യവും ഏതെല്ലാം സംസ്ഥാനങ്ങളിലാണ് പ്രവർത്തിക്കുന്നത് എന്ന വിവരവും ഇനി മുതൽ നിർബന്ധമായും വെളിപ്പെടുത്തണം. പുതിയ ഭേദഗതികൾ പ്രകാരം വിദേശ പൗരന്മാർ ഉൾപ്പെടുന്ന സംഘടനകൾക്ക് അനുമതി നൽകുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, ഫണ്ട് വിനിയോഗത്തിന്റെ പരിധി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ സന്നദ്ധ സംഘടനകളും അസോസിയേഷനുകളും വിദേശ പണം കൈപ്പറ്റുന്നതിലും ഉപയോഗിക്കുന്നതിലും കൃത്യമായ ഉത്തരവാദിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2011-ലെ എഫ്സിആർഎ ചട്ടങ്ങളിൽ ഈ ഭേദഗതികൾ വരുത്തിയിട്ടുള്ളത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപന പ്രകാരം, വിദേശ ധനസഹായം സ്വീകരിക്കുന്ന എൻജിഒകൾ സർക്കാർ നൽകിയിട്ടുള്ള നിശ്ചിത പട്ടികയിൽ നിന്ന് തങ്ങളുടെ പ്രവർത്തന ലക്ഷ്യം തിരഞ്ഞെടുക്കണം. ഒപ്പം തങ്ങൾ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ കൃത്യമായി രേഖപ്പെടുത്തുകയും വേണം. പുതിയ ചട്ടങ്ങൾ പ്രകാരം വിവിധ മതപരമായ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നുണ്ടെങ്കിലും, വിദേശ ഫണ്ട് ഉപയോഗിച്ചുള്ള നിർബന്ധിത മതപരിവർത്തനം പൂർണമായും വിലക്കിയിട്ടുണ്ട്.
ഇന്ത്യൻ വംശജരല്ലാത്ത വിദേശ പൗരന്മാർ പ്രധാന ഭാരവാഹികളായിട്ടുള്ള സംഘടനകൾക്ക് സാധാരണ ഗതിയിൽ എഫ്സിആർഎ പ്രകാരം രജിസ്ട്രേഷനോ മുൻകൂട്ടി അനുമതിയോ നൽകില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാൽ പ്രത്യേക ഉത്തരവിലൂടെ ഇത്തരം കേസുകളിൽ കേന്ദ്ര സർക്കാരിന് അനുമതി നൽകാനുള്ള വ്യവസ്ഥ നിലനിർത്തിയിട്ടുണ്ട്.
വ്യക്തികൾ അല്ലാത്ത സ്ഥാപനങ്ങളിൽ 'പ്രധാന ഭാരവാഹി' എന്ന പദവിയുടെ നിർവചനം ഭേദഗതിയിലൂടെ വിപുലീകരിച്ചു. കമ്പനി ഡയറക്ടർമാർ, പങ്കാളിത്ത സ്ഥാപനങ്ങളിലെ പാർട്ണർമാർ, ട്രസ്റ്റിമാർ, ഹിന്ദു അവിഭക്ത കുടുംബത്തിലെ 'കർത്താ', മാനേജ്‌മെന്റിൽ നിയന്ത്രണാധികാരമുള്ള മറ്റേതൊരു വ്യക്തിയും ഈ പരിധിയിൽ വരും.
പ്രധാന നിബന്ധനകൾ ചുരുക്കത്തിൽ
രജിസ്ട്രേഷൻ നടപടികൾ: വിദേശ ഫണ്ടിനായി അപേക്ഷിക്കുന്ന എൻജിഒകൾ സർക്കാർ നിശ്ചയിച്ച പട്ടികയിൽ നിന്നുള്ള (മതപരം, സാംസ്കാരികം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം) കൃത്യമായ ലക്ഷ്യങ്ങളും പ്രവർത്തന മേഖലയും തിരഞ്ഞെടുക്കണം. ഈ വിവരങ്ങൾ സംഘടനകൾക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തും.
മതപരമായ പ്രവർത്തനങ്ങൾക്കുള്ള വിലക്ക്: ആരാധനാലയങ്ങളുടെ നിർമാണം, നവീകരണം, മതവിദ്യാഭ്യാസം, ഭക്തിഗാന പ്രചാരണം എന്നിവയ്ക്ക് അനുമതിയുണ്ടെങ്കിലും, തദ്ദേശീയവും ഗോത്രവർഗക്കാരുമായുള്ള ആചാരങ്ങളുടെ സംരക്ഷണം, സത്സംഗങ്ങൾ, ധ്യാനങ്ങൾ എന്നിവയിലൊന്നും തന്നെ മതപരിവർത്തന ശ്രമങ്ങൾ പാടില്ലെന്ന് ചട്ടങ്ങളിൽ വ്യക്തമാക്കുന്നു.
മുൻപ് രജിസ്റ്റർ ചെയ്തവർക്കുള്ള നിർദ്ദേശം: 2026-ന് മുൻപ് രജിസ്റ്റർ ചെയ്ത എല്ലാ അസോസിയേഷനുകൾക്കും തങ്ങൾ നിലനിർത്താൻ ആഗ്രഹിക്കുന്ന കൃത്യമായ ലക്ഷ്യങ്ങളും സംസ്ഥാനങ്ങളും സർക്കാരിനെ അറിയിക്കാൻ ഒരു വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. അപേക്ഷയിൽ അധികമായി ചേർക്കുന്ന ഓരോ സംസ്ഥാനത്തിനും ലക്ഷ്യത്തിനും 300 രൂപ വീതം അധിക ഫീസ് ഈടാക്കും.
മിനിമം ഫണ്ട് വിനിയോഗം: സജീവമല്ലാത്ത എൻജിഒകൾ ലൈസൻസ് കൈവശം വെക്കുന്നത് തടയാൻ പുതിയ നിയമം കൊണ്ടുവന്നു. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വിദേശ സംഭാവനകളിൽ നിന്ന് തങ്ങളുടെ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചിട്ടുണ്ടാകണം. എങ്കിൽ മാത്രമേ രജിസ്ട്രേഷൻ പുതുക്കി നൽകുകയുള്ളൂ.
ഫണ്ട് റിലീസ് ചെയ്യൽ: ഘട്ടം ഘട്ടമായി ഫണ്ട് ലഭിക്കുന്ന സംഘടനകൾക്ക് മുൻപ് ലഭിച്ച തുകയുടെ 75 ശതമാനമെങ്കിലും വിനിയോഗിച്ചാൽ മാത്രമേ അടുത്ത ഗഡു അനുവദിക്കൂ. ഇത് പരിശോധിക്കാൻ സർക്കാർ ഫീൽഡ് ഇൻസ്പെക്ഷൻ നടത്തും.
സോഷ്യൽ മീഡിയ വിവരങ്ങൾ: രജിസ്ട്രേഷനോ പുതുക്കലിനോ അപേക്ഷിക്കുമ്പോൾ സംഘടനകളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങൾ കൈമാറണം. കൂടാതെ മറ്റേതെങ്കിലും ഏജൻസികൾ വഴിയാണ് പണം വരുന്നതെങ്കിൽ അതിന്റെ യഥാർത്ഥ ഉറവിടം വെളിപ്പെടുത്തണം. വർഷാവസരം സമർപ്പിക്കുന്ന റിട്ടേണുകൾക്കൊപ്പം വിശദമായ പ്രവർത്തന റിപ്പോർട്ടും ധനകാര്യ സ്റ്റേറ്റ്‌മെന്റും നൽകണം.
വാർത്തകളോ കറന്റ് അഫയേഴ്സോ നിർമ്മിക്കുന്നതിനോ സംപ്രേഷണം ചെയ്യുന്നതിനോ എഫ്സിആർഎ പരിധിയിൽ വരുന്ന സംഘടനകൾക്ക് വിലക്കുണ്ട്. അതിനാൽ തങ്ങളോ പ്രധാന ഭാരവാഹികളോ ഏതെങ്കിലും പുസ്തകങ്ങളോ ലേഖനങ്ങളോ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നും അപേക്ഷയിൽ വ്യക്തമാക്കേണ്ടതുണ്ട്. ചുരുക്കത്തിൽ, എൻജിഒകളുടെ പ്രവർത്തന മേഖലയും വിദേശ ഫണ്ടിന്റെ ഉപയോഗവും കൂടുതൽ കർശനമായ നിരീക്ഷണത്തിലാക്കുകയാണ് ഈ പുതിയ ഭേദഗതിയിലൂടെ സർക്കാർ ചെയ്യുന്നത്.