പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കൺവെൻഷന് തുടക്കമായി

TPM International Convention

Feb 13, 2025 - 08:44
Feb 13, 2025 - 09:54
 0
പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കൺവെൻഷന് തുടക്കമായി

 യേശു ജഡാവതാരം ചെയ്തത് പാപത്തിനടിമയായ മനുഷ്യനെ മോചിപ്പിക്കാനാണെന്ന് തിരുവല്ല സെൻറർ  പാസ്റ്റർ കുഞ്ഞുമോൻ ജോർജ് പ്രസ്താവിച്ചു.  ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ കേരളത്തിലെ ഏറ്റവും വലിയ കൺവെൻഷനായ 91-ാമത്  കൊട്ടാരക്കര സാർവ്വദേശീയ കൺവെൻഷൻ്റെ പ്രാരംഭദിന  രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  മനുഷ്യൻ ദൈവത്തെേപ്പോലെ ഭൂമിയിൽ ജീവിച്ചു പ്രവർത്തിക്കാനാണു ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എന്നാൽ, പാപം ചെയ്തതിലൂടെ സാത്താനു അടിമപ്പെട്ട മനുഷ്യനെ മോചിപ്പിച്ച് ദൈവീകബന്ധം പുന:സ്ഥാപിക്കാനാണു യേശു വന്നത്. അവിടുത്തെ വിശ്വസിക്കുന്നതിലൂടെ സ്വർഗീയാനുഗ്രഹങ്ങൾക്കു മനുഷ്യൻ യോഗ്യനായിത്തീരുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

എറണാകുളം സെൻ്റർ പാസ്റ്റർ സണ്ണി ജെയിംസിൻ്റെ പ്രാർഥനയോടെയാണ് പ്രാരംഭ ദിന കൺവെൻഷൻ ആരംഭിച്ചത്. വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു .  കൺവെൻഷന് മുന്നോടിയായ്   ബുധനാഴ്ച വൈകിട്ട് മൂന്നിന് ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്ത  സുവിശേഷ വിളംബര ജാഥ കൊട്ടാരക്കര ടൗൺ വഴി കൺവെൻഷൻ ഗ്രൗണ്ടിലേക്ക്  നടത്തി.

 വ്യാഴാഴ്ച മുതൽ ദിവസവും രാവിലെ ഏഴിന് ബൈബിൾ ക്ലാസ് ,9.30 ന് പൊതുയോഗം, മൂന്നിനും രാത്രി 10 നും കാത്തിരിപ്പുയോഗം , വൈകിട്ട് 5.45ന് സംഗീത ശുശ്രൂഷ, സുവിശേഷ പ്രസംഗം ,രോഗശാന്തി ശുശ്രൂഷ എന്നിവയും ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് യുവജന സമ്മേളനം ,സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കൊട്ടാരക്കര സെന്റർ സഭയുടെ കീഴിലുള്ള 40 പ്രാദേശിക സഭകളിലെയും പുനലൂർ സെന്ററിന് കീഴിലുള്ള 15 പ്രാദേശിക സഭകളിലെയും, പത്തനംതിട്ട സെൻ്ററിന് കീഴിലുള്ള 16 സഭകളിലെയും  ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും.  

സഭയുടെ ചീഫ് പാസ്റ്റർമാരും സീനിയർ സെന്റർ പാസ്റ്റർമാരും കൺവെൻഷനിൽ പ്രസംഗിക്കും. സമാപന ദിവസം ഞായറാഴ്ച വൈകിട്ട് 5.45ന് പ്രത്യേക ദൈവീക രോഗശാന്തി ശുശ്രൂഷ ഉണ്ടായിരിക്കും. ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്.  17 ന് രാവിലെ സഭയുടെ കേരളത്തിലെ 12 സെന്ററുകളിൽ നിന്നും തമിഴ്നാട്ടിലെ മധുര, നാഗർകോവിൽ, പാളയംകോട്ട, തൂത്തുക്കുടി, നാസറേത്ത് എന്നീ സെന്ററുകളിൽ നിന്നുള്ള പുതിയ ശുശ്രൂഷകരെ തെരഞ്ഞെടുക്കുന്ന  യോഗവും ഉണ്ടായിരിക്കും. കൊട്ടാരക്കര സെന്റർ പാസ്റ്റർ വി. ജോർജ്കുട്ടി, അസി. സെൻ്റർ പാസ്റ്റർ എ.പോൾ രാജ് എന്നിവരും   സഹശുശ്രൂഷകരും   കൺവൻഷന് നേതൃത്വം നൽകുന്നു.