കഷ്ടതയനുഭവിക്കുന്ന കിഴക്കന്‍ യൂറോപ്പിലെ ക്രിസ്ത്യന്‍ സമൂഹത്തിനു കൈത്താങ്ങായി 'ടെന്‍'

May 6, 2022 - 05:12
May 6, 2022 - 05:14
 0

ബാള്‍ക്കന്‍ രാഷ്ട്രങ്ങളിലേയും, കിഴക്കന്‍ യൂറോപ്പിലേയും ജനങ്ങള്‍ക്ക് ഭക്ഷണവും അവശ്യ സാധനങ്ങളും എത്തിച്ച് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘ട്രാന്‍സ്ഫോം യൂറോപ്പ് നെറ്റ്വര്‍ക്ക്’ (ടെന്‍). തങ്ങളുടെ മുപ്പതാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഹാര്‍വെസ്റ്റ്‌ ഫോര്‍ ഹങ്ങ്റി എന്ന പ്രചാരണ പരിപാടിക്ക് ആരംഭം കുറിച്ചിരിക്കുകയാണ് സംഘടന. ബോസ്നിയന്‍ യുദ്ധം ആരംഭിച്ച 1992 മുതല്‍ക്കേ തന്നെ ഏതാണ്ട് 25 ലക്ഷം പൗണ്ടോളം ചിലവുവരുന്ന ലക്ഷകണക്കിന് ഭക്ഷണ പൊതികളും, അവശ്യ സാധനങ്ങളുമാണ് സംഘടന കിഴക്കന്‍ യൂറോപ്പിലേക്ക് അയച്ചത്.

“എല്ലാ വര്‍ഷവും തങ്ങളുടെ പങ്കാളികള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കും, വിധവകള്‍ക്കും ഭക്ഷണം ഉള്‍പ്പെടെയുള്ളവ നല്‍കിവരുന്നുണ്ടെങ്കിലും, 2022-ല്‍ ഈ ആവശ്യം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ട്രാന്‍സ്ഫോം യൂറോപ്പ് നെറ്റ്വര്‍ക്കിന്റെ സി.ഇ.ഒ ജെയിംസ് വോട്ടണ്‍ പറഞ്ഞു. അപരിചിതരായ നമ്മെപ്പോലുള്ളവരുടെ ഉദാരമനസ്കതയെ ആശ്രയിച്ചു കഴിയുന്ന യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്കും ഭക്ഷണം ആവശ്യമുണ്ട്. വിശക്കുന്നവരുടെ കാര്യത്തില്‍ ‘ടെന്‍’ എപ്പോഴും തങ്ങളുടെ പങ്കാളികള്‍ക്കൊപ്പം നിലകൊണ്ടിട്ടുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

30 വര്‍ഷങ്ങളായി പാവപ്പെട്ടവരുടെ വിശപ്പടക്കുന്നതില്‍ തങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്നവരോട് നന്ദി പറഞ്ഞ വോട്ടണ്‍, ഈ വാര്‍ഷികത്തില്‍ കൂടുതല്‍ ദേവാലയങ്ങളും, വ്യക്തികളും തങ്ങളെ സഹായിക്കുവാന്‍ മുന്നോട്ട് വരുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. ഏതാണ്ട് 24 ലക്ഷത്തോളം ജനങ്ങളെ പലായനം ചെയ്യുവാന്‍ ബോസ്നിയന്‍ യുദ്ധം പ്രേരിപ്പിച്ചിട്ടുണ്ട്. ഇരുപത് ലക്ഷത്തോളം ആളുകള്‍ ആഭ്യന്തരമായി ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവരെ സഹായിക്കുവാനായി ‘ടെന്‍’ മുന്നോട്ട് വന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 30 ദേവാലയങ്ങളില്‍ നിന്നും 8,000-ത്തോളം ഭക്ഷണ പൊതികളാണ് ‘ടെന്‍’ വിതരണം ചെയ്തത്. ‘യൂറോവാഞ്ചലിസം’ എന്ന പേരില്‍ കിഴക്കന്‍ യൂറോപ്പില്‍ കഷ്ടത അനുഭവിക്കുന്ന ക്രിസ്ത്യന്‍ സമൂഹങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 1960-ല്‍ സ്ഥാപിതമാണ് സംഘടന.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0