സിറിയയിലെ അസ്സീറിയന്‍ ദേവാലയം തുര്‍ക്കിയുടെ ഷെല്ലാക്രമണത്തില്‍ തകര്‍ന്നു
വടക്ക് - പടിഞ്ഞാറന്‍ സിറിയയിലെ ഹസാക്കാ ഗവര്‍ണറേറ്റിലെ അസ്സീറിയന്‍ ക്രിസ്ത്യന്‍ ഗ്രാമമായ ടെല്‍ ടാമര്‍ ലക്ഷ്യമാക്കിയുള്ള തുര്‍ക്കി സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ അസ്സീറിയന്‍ ക്രൈസ്തവ ദേവാലയമായ മാര്‍ സാവാ അല്‍-ഹകിം തകര്‍ന്നു.
വടക്ക് - പടിഞ്ഞാറന്‍ സിറിയയിലെ ഹസാക്കാ ഗവര്‍ണറേറ്റിലെ അസ്സീറിയന്‍ ക്രിസ്ത്യന്‍ ഗ്രാമമായ ടെല്‍ ടാമര്‍ ലക്ഷ്യമാക്കിയുള്ള തുര്‍ക്കി സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ അസ്സീറിയന്‍ ക്രൈസ്തവ ദേവാലയമായ മാര്‍ സാവാ അല്‍-ഹകിം തകര്‍ന്നു. 2015-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഗുരുതരമായ കേടുപാടുകള്‍ വരുത്തിയ ദേവാലയമാണിത്. മേഖലയില്‍ നിന്നും ക്രൈസ്തവരെ തുരത്തുവാനുള്ള തുര്‍ക്കിയുടെ പദ്ധതിയുടെ ഭാഗമാണ് ആക്രമണമെന്നു നടപടിയെ കടുത്ത ഭാഷയില്‍ അപലപിച്ചുകൊണ്ട് പ്രാദേശിക ഓര്‍ത്തഡോക്സ് സിറിയന്‍ മെത്രാപ്പോലീത്ത മാര്‍ മോറിസ് അംസീ പറഞ്ഞു.
തുര്‍ക്കി സൈന്യവും അവരുടെ പങ്കാളികളായ സിറിയന്‍ നാഷണല്‍ ആര്‍മി (എസ്.എന്‍.എ) യും ചേര്‍ന്ന് ടെല്‍ ടാമര്‍ ഗ്രാമം ആക്രമിക്കുകയും ദേവാലയത്തിനു കേടുപാടുകള്‍ വരുത്തുകയും ചെയ്തതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ദേവാലയം തകര്‍ക്കപ്പെട്ടത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നില്ലെങ്കിലും കേടുപാടുകള്‍ പറ്റിയ ദേവാലയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സമീപത്തുള്ള റോഡുകള്‍ക്കും, മരങ്ങള്‍ക്കും, വീടുകള്‍ക്കും, വൈദ്യുത സംവിധാനങ്ങള്‍ക്കും ഷെല്ലാക്രമണത്തില്‍ കേടുപാടുകള്‍ വന്നിട്ടുണ്ടെന്നു പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മേഖലയില്‍ താമസിക്കുന്ന കുര്‍ദ്ദുകള്‍ക്കെതിരെ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ തുര്‍ക്കി ഇതിനുമുന്‍പും മുതിര്‍ന്നിട്ടുണ്ട്.
ആഴ്ചകളായി എല്ലാ ദിവസവും തുര്‍ക്കി കനത്ത ഷെല്ലാക്രമണമാണ് നടത്തി വരുന്നത്. നാണ്യപ്പെരുപ്പവും, വിലകയറ്റവും കാരണം പൊറുതിമുട്ടിയ തുര്‍ക്കി ജനതക്ക് സര്‍ക്കാരിലുള്ള വിശ്വസ്തത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുവാന്‍ റെസപ് തയ്യേബ് എര്‍ദോര്‍ഗന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി ഭരണകൂടത്തിന്റെ ഇത്തരം ആക്രമണങ്ങള്‍ കുര്‍ദ്ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയേ (പി.കെ.കെ) സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. കുര്‍ദ്ദുകള്‍ക്കെതിരെ ജനരോഷം ആളിക്കത്തിക്കുവാനുള്ള പദ്ധതിയാണ് ഇതെന്ന് കരുതുന്നവരും കുറവല്ല. ഓപ്പറേഷന്‍ ‘ക്ലോ ലോക്ക്’ എന്നറിയപ്പെടുന്ന തുര്‍ക്കിയുടെ സൈനീക നടപടി ഏപ്രില്‍ മാസത്തിലാണ് ആരംഭിച്ചത്.
ഏറ്റവും ഒടുവിലത്തെ ആക്രമണത്തില്‍ നിരവധി ദേവാലയങ്ങളും, ഭവനങ്ങളും തകരുകയും അസ്സീറിയന്‍ നിവാസി കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുര്‍ക്കിയുടെയും, ഇസ്ലാമിക് സ്റ്റേറ്റിന്റേയും ആക്രമണങ്ങള്‍ കാരണം വടക്കു-കിഴക്കന്‍ സിറിയയില്‍നിന്നും പലായനം ചെയ്യുന്ന ക്രൈസ്തവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഖാബുര്‍ നദീതടം എന്നുകൂടി അറിയപ്പെടുന്ന ടെല്‍ ടാമറില്‍ 32 ഗ്രാമങ്ങളിലായി 12,000-ത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ വെറും 1,000 ക്രൈസ്തവര്‍ മാത്രമായി ചുരുങ്ങിയെന്നാണു വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 2015-ല്‍ ഈ ദേവാലയത്തില്‍ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികള്‍ ഇരുന്നൂറ്റിഅന്‍പതോളം ക്രൈസ്തവരെ ബന്ധിയാക്കിയിരുന്നു.