ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റിലായ ക്രൈസ്തവരുടെ പുനര്‍വിചാരണ അപേക്ഷ ഇറാനിലെ സുപ്രീം കോടതി തള്ളി

Aug 13, 2022 - 00:48
Aug 13, 2022 - 01:31
 0

ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ ഇറാനില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതിന്റെ പേരില്‍ അറസ്റ്റിലായ പരിവര്‍ത്തിത ക്രൈസ്തവരുടെ പുനര്‍ വിചാരണക്കുള്ള അപേക്ഷ ഇറാനിലെ സുപ്രീം കോടതി തള്ളി. അന്‍ഷൂവാന്‍ അവേദിയാന്‍, അബ്ബാസ് സൌരി, ഫരീബ ഡാലിര്‍, മേരി മൊഹമ്മദി എന്നിവരുടെ അപേക്ഷകളാണ് കോടതി തള്ളിയത്. ഇതില്‍ അവേദിയാന്‍, സൌരി എന്നിവരുടെ അപേക്ഷകള്‍ യാതൊരു കാരണവും കൂടാതെയാണ് കോടതി തള്ളിയത്. പതിനെട്ടോളം ക്രൈസ്തവര്‍ അടങ്ങിയ കൂട്ടായ്മയുടെ ഭാഗമായിരുന്ന അവേദിയാനേയും, സൌരിയേയും മറ്റൊരു ക്രൈസ്തവ വിശ്വാസിയായ മേരി മൊഹമ്മദിക്കൊപ്പം 2020 നവംബറിലാണ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നടത്തിയ പരിശോധനക്കിടെ ഇവരുടെ ബൈബിളുകളും സെല്‍ ഫോണുകളും പിടിച്ചെടുക്കുകയായിരിന്നു.

ഇക്കഴിഞ്ഞ മെയ് 22ന് ഇസ്ലാമിനെതിരെ പ്രചാരണം നടത്തിയെന്ന ആരോപണം ഉന്നയിച്ച് അവേദിയാന് 10 വര്‍ഷത്തെ തടവു ശിക്ഷയും, സൗരി, മൊഹമ്മദി എന്നിവര്‍ക്ക് 10 വര്‍ഷത്തെ സാമൂഹിക അവകാശങ്ങളുടെ നിഷേധവുമാണ് ശിക്ഷയായി ലഭിച്ചത്. പിന്നീട് ഇവരുടെ അപ്പീല്‍ പരിഗണിച്ചപ്പോള്‍ അവേദിയാന് 10 വര്‍ഷത്തെ തടവു ശിക്ഷക്ക് പുറമേ, 10 വര്‍ഷത്തെ സാമൂഹിക അവകാശ നിഷേധവും ശിക്ഷയായി വിധിച്ചു. തന്റെ പുനര്‍വിചാരണ അപേക്ഷ തള്ളിയതായുള്ള അറിയിപ്പ് ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് മേരി മൊഹമ്മദിക്ക് ലഭിച്ചത്.

അതേസമയം തങ്ങള്‍ നല്‍കിയ തെളിവുകള്‍ അപ്പീല്‍, കോടതി വേണ്ടവിധം പരിശോധിച്ചില്ലെന്നാണ് അഭിഭാഷകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ 6 ക്രൈസ്തവര്‍ക്കൊപ്പം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുകള്‍ അറസ്റ്റ് ചെയ്ത ഫരീബ ഡാലിറിന്റെ അപേക്ഷയും സുപ്രീം കോടതി തള്ളിയിരിന്നു. അവേദിയാന്‍, സൌരി എന്നിവരുടെ വിചാരണ കേട്ട അതേ ജഡ്ജി തന്നെയാണ് ഫരീബ ഡാലിറിന് 5 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. എന്നാല്‍ പിന്നീടിത് രണ്ടുവര്‍ഷമായി കുറച്ചിരിന്നു. ഏപ്രില്‍ 16 മുതല്‍ തന്റെ ശിക്ഷ അനുഭവിക്കുന്ന ഡാലിറിന്റെ പരോളിനുള്ള അപേക്ഷയും സുപ്രീം കോടതി തള്ളി.

ക്രൈസ്തവര്‍ക്ക് പ്രത്യേകിച്ച് ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന വിശ്വാസികള്‍ക്കെതിരെയുള്ള ഇറാന്‍ ഭരണകൂടത്തിന്റെ വേട്ട തുടരുകയാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളടക്കം നിരവധി ക്രൈസ്തവരാണ് ജയിലുകളില്‍ കഴിയുന്നത്. മതപീഡനം ശക്തമാകുന്നതിനിടയിലും ഇറാനില്‍ ക്രൈസ്തവ വിശ്വാസം തഴച്ചു വളരുകയാണെന്നാണ്‌ വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്രിസ്തുവിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ വർദ്ധിക്കുന്നുണ്ടെന്ന് ഇറാൻ ഇന്റലിജൻസ് വിഭാഗം മന്ത്രി മുഹമ്മദ് അലവി, നാളുകൾക്കുമുമ്പ് ഷിയാ മുസ്ലീം പുരോഹിതരെ അഭിസംബോധന ചെയ്യവേ വെളിപ്പെടുത്തിയിരുന്നു.

Read in English :

The Supreme Court of Iran has rejected the retrial request of the Christians arrested for their Christian faith