ക്യൂബയിൽ അറസ്റ്റിലായ ക്രിസ്ത്യൻ ലിബറേഷൻ മൂവ്മെന്‍റ് നേതാവിന് ഒടുവില്‍ മോചനം
The leader of the Christian Liberation Movement arrested in Cuba is finally released
ക്യൂബയിൽ അറസ്റ്റിലായ ക്രൈസ്തവ സംഘടനയായ ക്രിസ്ത്യൻ ലിബറേഷൻ മൂവ്മെന്റിന്റെ ദേശീയ സംഘാടകനായ എഡ്വേർഡോ കാർഡറ്റിന് മോചനം. ഒക്ടോബർ 15നു രാത്രിയിൽ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തുകൊണ്ടു പോയ അദ്ദേഹത്തെ പിന്നീട് മോചിപ്പിക്കുകയായിരിന്നു. സംഭവത്തെ സംഘടന ട്വിറ്ററിൽ അപലിച്ചു. സംസാരിക്കണമെന്ന് പറഞ്ഞാണ് എഡ്വേർഡോയെ പോലീസ് രാത്രി അറസ്റ്റ് ചെയ്തു കൊണ്ട് പോയതെന്ന് സംഘടനയുടെ പ്രതിനിധി കാർലോസ് പായ പറഞ്ഞു. വലസ്കോ പട്ടണത്തിൽ നിന്നും, ഹോൽഗ്യിൻ നഗരത്തിലേക്കാണ് എഡ്വേർഡോ കാർഡറ്റിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോയത്. അറസ്റ്റിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
രാജ്യമെമ്പാടും, വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതിന്‍റെ പേരിൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ വലിയ പ്രതിഷേധം നടക്കുകയാണ്. ഇയാൻ ചുഴലിക്കാറ്റിന് ശേഷം പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായിരിന്നു. ഇതിനിടയിലാണ് പ്രമുഖനായ ക്രൈസ്തവ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി ആളുകൾ വലസ്കോയിൽ ഭരണകൂടത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് റേഡിയോ മാര്‍ത്തിയിൽ എഡ്വേർഡോ കാർഡറ്റ് അടുത്തിടെ വിവരിച്ചിരുന്നു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 12 വരെ, 11 പ്രവിശ്യകളിലായി 92 പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്.
കഴിഞ്ഞ മാസം രാജ്യത്തെ ഏകാധിപത്യ ഭരണകൂടം ജെസ്യൂട്ട് സമൂഹത്തിന്റെ സുപ്പീരിയറും, ക്യൂബന്‍ കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് മെന്‍ ആന്‍ഡ് വിമന്‍ (കോണ്‍കര്‍) പ്രസിഡന്റുമായ ഫാ. ഡേവിഡ് പാന്തലിയോണിനെ രാജ്യത്ത് നിന്നും പുറത്താക്കിയിരിന്നു. സെപ്റ്റംബര്‍ 13-ന് റെസിഡന്‍സ് വിസ പുതുക്കി നല്‍കാതെയാണ് അദ്ദേഹത്തെ പുറത്താക്കിയത്. അദ്ദേഹം ക്യൂബ വിട്ടുവെന്ന്‍ എ.സി.ഐ പ്രെന്‍സ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയാ-കാനലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരായ വൈദികരുടെ രാഷ്ട്രീയവും, വിമര്‍ശനാത്മകവുമായ അഭിപ്രായ പ്രകടനങ്ങള്‍ നിയന്ത്രിക്കണമെന്നു രാജ്യത്തെ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരിന്നു