ദെബോറയെ ക്രൂരമായി കൊലപ്പെടുത്തിയ സൊകോട്ടോയില്‍ നിന്ന് വൈദികരെ തട്ടിക്കൊണ്ടുപോയി
വടക്കന്‍ നൈജീരിയയിലെ കട്സിന സംസ്ഥാനത്തിലെ സൊകോട്ടോയില്‍ നിന്നും രണ്ടു കത്തോലിക്ക വൈദികരെ ഇവര്‍ താമസിച്ചിരുന്ന വസതിയില്‍ നിന്നും അജ്ഞാതരായ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി.
മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാര്‍ത്ഥിനിയായ ദെബോറ സാമുവേലിനെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ക്രൂരമായി കൊലപ്പെടുത്തിയ വടക്കന്‍ നൈജീരിയയിലെ കട്സിന സംസ്ഥാനത്തിലെ സൊകോട്ടോയില്‍ നിന്നും രണ്ടു കത്തോലിക്ക വൈദികരെ ഇവര്‍ താമസിച്ചിരുന്ന വസതിയില്‍ നിന്നും അജ്ഞാതരായ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. രണ്ടു ആണ്‍കുട്ടികളെയും ഇവിടെ നിന്ന്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. കാഫുര്‍ പ്രാദേശിക ഗവണ്‍മെന്റ് പരിധിയിലുള്ള ഗിദാന്‍ മായികാംബോയിലെ സെന്റ് പാട്രിക് ദേവാലയ വികാരി ഫാ. സ്റ്റീഫന്‍ ഒജാപായും, സഹവികാരി ഫാ. ഒലിവര്‍ ഒക്പാരയുമാണ് തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികര്‍.
മെയ് 25-ന് അര്‍ദ്ധരാത്രിയില്‍ സെന്റ് പാട്രിക് ദേവാലയത്തിന്റെ വൈദിക മന്ദിരത്തില്‍ അതിക്രമിച്ച് കയറിയ തോക്കുധാരികള്‍ ഇവരെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അക്രമത്തിന് ഇരയായ പ്രിയപ്പെട്ടവരുടെ സുരക്ഷിതമായ മടങ്ങിവരവിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു സൊകോട്ടോ രൂപതയുടെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ ഫാ. ക്രിസ് ഒമോടോഷോ പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെ താമസിപ്പിച്ചിരിക്കുന്ന സ്ഥലത്തേക്കുറിച്ച് നിലവില്‍ യാതൊരു അറിവുമില്ല.