റഷ്യൻ സേന തടങ്കലിലാക്കിയ രണ്ട് യുക്രൈന്‍ വൈദികര്‍ക്ക് 2 വര്‍ഷത്തിന് ശേഷം മോചനം

Jul 1, 2024 - 16:44
Jul 1, 2024 - 16:45
 0
റഷ്യൻ സേന തടങ്കലിലാക്കിയ രണ്ട് യുക്രൈന്‍ വൈദികര്‍ക്ക് 2 വര്‍ഷത്തിന് ശേഷം മോചനം

റഷ്യൻ നാഷ്ണൽ ഗാർഡ് പിടികൂടി തടങ്കലിലാക്കിയ രണ്ട് യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ വൈദികരെ മോചിപ്പിച്ചതായി പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. കോൺഗ്രിഗേഷൻ ഓഫ് ദി മോസ്റ്റ് ഹോളി റിഡീമർ സന്യാസ സമൂഹാംഗങ്ങളായ ഫാ. ഇവാൻ ലെവിറ്റ്‌സ്‌കി, ഫാ. ബോഹ്‌ദാൻ ഗെലെറ്റ എന്നിവര്‍ക്കാണ് രണ്ടു വര്‍ഷത്തിന് ശേഷം മോചനം ലഭിച്ചിരിക്കുന്നത്. കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ സേവനമനുഷ്ഠിച്ച വൈദികർ ഇടവക കെട്ടിടത്തിൽ ആയുധങ്ങളും യുക്രേനിയൻ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളും കൈവശംവെച്ചുവെന്ന് ആരോപിച്ചായിരുന്നു ഇവരെ തടങ്കലിലാക്കിയത്.

2022 നവംബർ 16ന് റഷ്യക്കാർ അധിനിവേശ മേഖലയായ ബെർഡിയാൻസ്കിൽവെച്ചാണ് വൈദികരെ അറസ്റ്റ് ചെയ്തത്. റഷ്യന്‍ അധിനിവേശത്തിന്റെ സമയത്ത് യുക്രൈന്‍ ക്രൈസ്തവര്‍ക്ക് പ്രത്യാശ നൽകാൻ, റോമൻ കത്തോലിക്കരുടെയും ഗ്രീക്ക് കത്തോലിക്കരുടെയും കമ്മ്യൂണിറ്റികളിൽ താമസിച്ച് ഇരുവരും സേവനം ചെയ്തിരിന്നു. ഇതാണ് റഷ്യന്‍ സൈന്യത്തെ ചൊടിപ്പിച്ചതായി കരുതപ്പെടുന്നത്. യുക്രൈന്‍ ജനതയ്ക്കു പിന്തുണ നല്‍കുന്നവരെ തങ്ങളുടെ ശത്രുക്കളായാണ് റഷ്യന്‍ സൈന്യം കണ്ടിരിന്നത്.

രാജ്യത്തെ സംഘർഷം അവസാനിപ്പിക്കാൻ വിവിധ സമാധാന ദൗത്യങ്ങൾ നടത്തിയ ഫ്രാന്‍സിസ് പാപ്പയ്ക്കും ഇറ്റാലിയൻ കർദ്ദിനാൾ മാറ്റിയോ സുപ്പിയ്ക്കും വൈദികര്‍ക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള ശ്രമങ്ങൾക്ക് അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് വിശ്വൽദാസ് കുൽബോക്കാസിനും യുക്രൈന്‍ ഗ്രീക്കു കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് നന്ദിയര്‍പ്പിച്ചു. ഈ വാർത്തയുടെ സന്തോഷം ഉണ്ടായിരുന്നിട്ടും നിരവധി നിരപരാധികളായ സാധാരണക്കാർ ബന്ദികളായി തുടരുന്നതായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് പ്രസ്താവിച്ചു. യുക്രൈനിലെ സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നത് തുടരാൻ സംഘടന അഭ്യര്‍ത്ഥിച്ചു.