പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 55 ക്രൈസ്തവർക്കെതിരെ എഫ്ഐആർ തയ്യാറാക്കി യു‌പി പോലീസ്

Apr 22, 2022 - 19:44
 0

 ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിൽ പെസഹാ വ്യാഴാഴ്ച പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പങ്കെടുത്ത 55 ക്രൈസ്തവർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. 26 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്യപ്പെട്ട മറ്റുള്ളവരെ അന്വേഷിക്കുന്നതായാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നതെന്ന് പ്രമുഖ കത്തോലിക്ക വാര്‍ത്ത ഏജന്‍സിയായ യു‌സി‌എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മതപരിവർത്തനം ആരോപിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹരിഹർ ഗഞ്ച് എന്ന ജില്ലയിലെ ആരാധനാലയത്തിലാണ് ഇവാഞ്ചലിക്കൽ സമൂഹത്തിലെ അംഗങ്ങളായ ക്രൈസ്തവര്‍ ഒത്തുകൂടിയത്. ഇതിനിടെ തീവ്ര ഹൈന്ദവ നിലപാടുള്ള ആക്ടിവിസ്റ്റുകൾ പുറത്തേക്കുള്ള രണ്ട് പ്രധാന ഗേറ്റുകൾ പൂട്ടുകയും, മതപരിവർത്തനം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷിയായ ഒരു ക്രൈസ്തവ വിശ്വാസി പറഞ്ഞു.

അവിടെ എത്തിയ പോലീസ് മൂന്നുമണിക്കൂറോളം ക്രൈസ്തവരെ ചോദ്യം ചെയ്യാൻ വേണ്ടി ദേവാലയത്തിൽ തടഞ്ഞുവച്ചു. ഇതിനിടയിൽ ഹൈന്ദവ നേതാക്കളിൽ ചിലർ ദേവാലയത്തിൽ പ്രവേശിക്കുകയും, ക്രൈസ്തവരുടെ വ്യക്തിപരമായ വിവരങ്ങൾ ആരായുകയും ചെയ്തു. വീട്ടിൽ കൊണ്ടു പോവുക എന്ന വ്യാജേന അവർ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും, 26 പുരുഷന്മാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്നും യു‌സി‌എ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ സുരക്ഷയെ കരുതിയാണ് പോലീസ് തങ്ങളെ അവിടെ പാർപ്പിച്ചിരിക്കുന്നത് എന്ന് ആദ്യം കരുതിയെങ്കിലും, മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകാൻ ഒരുങ്ങുമ്പോഴാണ് സത്യം മനസ്സിലാക്കിയതെന്ന് മറ്റൊരു ക്രൈസ്തവ വിശ്വാസി വെളിപ്പെടുത്തി. പിറ്റേദിവസം ഒൻപത് പേർക്കാണ് ജാമ്യം ലഭിച്ചത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ മറ്റുള്ളവർക്ക് ഏപ്രിൽ 16നു ജാമ്യം ലഭിച്ചു. മതപരിവർത്തന നിയമത്തിന്റെ വകുപ്പുകൾ പോലീസ് പിൻവലിച്ചുവെന്നാണ് കരുതപ്പെടുന്നതെങ്കിലും, വിവിധ മത വിഭാഗങ്ങൾ തമ്മിൽ ഭിന്നത ഉണ്ടാക്കിയെന്നുള്ള കുറ്റം ക്രൈസ്തവർക്ക് മേൽ ചുമത്തിയിട്ടുണ്ട്. വ്യാജ ആരോപണം നേരിട്ട ക്രൈസ്തവരെ സഹായിക്കുന്നതിന് പകരം, സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘത്തെ രാത്രി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണ് നിയമപാലകർ ചെയ്തതെന്നും, അങ്ങനെ ചെയ്തത് ശരിയായില്ലെന്നും ക്രൈസ്തവർക്ക് നിയമപരമായ സഹായം നൽകാൻ മുന്നോട്ടുവന്ന പ്രമോദ് സിംഗ് എന്ന അഭിഭാഷകൻ യുസിഎ ന്യൂസിനോട് പറഞ്ഞു.

ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിലാണ് ഉത്തർപ്രദേശുള്ളത്. 2021ൽ സംസ്ഥാനത്ത് 105 അക്രമസംഭവങ്ങളാണ് ക്രൈസ്തവർക്ക് നേരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വർഷം ഏപ്രിൽ 13 വരെയുള്ള കണക്കുകൾ പ്രകാരം 127 അക്രമസംഭവങ്ങൾ ക്രൈസ്തവർക്ക് നേരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തീവ്രഹിന്ദുത്വ നിലപാടുള്ള യോഗി ആദിത്യനാഥാണ് യു‌പി ഭരിക്കുന്നത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0