ക്രൈസ്തവർക്കു നേരേ ഛത്തീസ്ഗഢിൽ വ്യാപക ആക്രമണം
ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിലുള്ള 13 ആദിവാസി ഗ്രാമങ്ങളിൽ ക്രൈസ്തവ വിശ്വാസികളായി ജീവിക്കുന്നതിന്റെ പേരിൽ ആക്രമിക്കപ്പെടുകയും പലായനത്തിനു നിർബന്ധിതരാവുകയും ചെയ്യുന്ന സംഭവങ്ങൾ പതിവാകുകയാണ്.
തലസ്ഥാനമായ റായ്പൂരിൽ നിന്നു 350 കിലോമീറ്റർ അകലെയുള്ള നാരായൺപുർ ജില്ലയിലെ വിവിധ ഗ്രാമങ്ങളിലാണ് ക്രൈസ്തവർക്കു നേരേ കഴിഞ്ഞ നാലു ദിവസങ്ങളിലായി ക്രൂരമായ ആക്രമണം അരങ്ങേറിയത്. വീടുകളിലും ആരാധനാലയങ്ങളിലും കയറി അക്രമികൾ അഴിഞ്ഞാടി. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരെ തെരഞ്ഞുപിടിച്ചാണ് അക്രമങ്ങളെന്നു പ്രദേശവാസികൾ പറഞ്ഞു.
വിവിധ ഗ്രാമങ്ങളിലുണ്ടായ ഇരുപതോളം അക്രമസംഭവങ്ങളിൽ നിരവധി പേർക്കു പരിക്കേറ്റു. ആറു പേരുടെ പരിക്കുകൾ ഗുരുതരമാണെന്നു പ്രദേശവാസികൾ പറഞ്ഞു. നിരവധി വീടുകൾ തകർക്കപ്പെട്ടു. അക്രമികൾക്കെതിരേ നടപടിയെടുക്കാൻ പോലീസ് തയാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
വ്യത്യസ്ത ആദിവാസി ഗോത്ര വിഭാഗങ്ങളിൽപ്പെട്ട പ്രദേശവാസികൾ കഴിഞ്ഞ നാലോ അഞ്ചോ വർഷങ്ങൾക്കിടെയാണു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരെല്ലാം നേരത്തേയുള്ള മതവിശ്വാസത്തിലേക്കു മടങ്ങണമെന്നതാണ് കലാപകാരികളുടെ ആവശ്യം.
അക്രമങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു പ്രദേശവാസികൾ നാരായൺപുർ ജില്ലാ കളക്ടറുടെ കാര്യാലയം ഉപരോധിച്ചു. പോലീസ് നടപടിയെത്തുടർന്ന് ഇവർ ഇന്നലെ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. വർഗീയ സംഘടനകൾ ഗ്രാമവാസികളെ ഉപയോഗിച്ചാണ് കലാപത്തിനു ശ്രമിക്കുന്നത്.