മ്യാന്‍മറില്‍ കത്തീഡ്രല്‍ ദേവാലയത്തിലും സഭയുടെ കീഴിലുള്ള ആശുപത്രിയിലും പട്ടാളത്തിന്റെ റെയിഡ്

Nov 24, 2021 - 21:08
 0

മ്യാന്‍മറിലെ കെയ സംസ്ഥാനത്തെ ലോയിക്ക കത്തീഡ്രലിലും ബിഷപ്പ്സ് ഹൗസിലും പട്ടാളത്തിന്റെ റെയ്ഡ്. ലോയിക്കയിലെ ക്രൈസ്റ്റ് ദ കിംഗ് കത്തീഡ്രല്‍ കോംപ്ലക്‌സിലും സഭയുടെ നിയന്ത്രണത്തിലുള്ള കാരിത്താസ് കരുണ ക്ലിനിക്കിലും ബിഷപ്‌സ് ഹൗസിലും ഇന്നലെ ഏഴു മണിക്കൂറോളമായിരുന്നു പട്ടാളം പരിശോധന നടത്തിയത്. 18 ആരോഗ്യപ്രവര്‍ത്തകരെ പട്ടാളം അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 200 പട്ടാളക്കാരും പോലീസുകാരും റെയ്ഡില്‍ പങ്കെടുത്തു. കൊറോണ ബാധിതരായ രോഗികള്‍ അടക്കം ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 40 പേരെയും റെയ്ഡിനിടെ പട്ടാളം പുറത്താക്കി.

ആശുപത്രി ഉപകരണങ്ങള്‍ പിടിച്ചെടുത്തു. അറസ്റ്റിലായവരില്‍ നാലു ഡോക്ടര്‍മാരും നഴ്‌സുമാരും ഫാര്‍മസിസ്റ്റും പെടും. മൂന്നു തവണയെങ്കിലും പല സംഘങ്ങള്‍  പരിശോധിച്ചതായി സഭാധികാരികള്‍ പറഞ്ഞു. കത്തീഡ്രലിലേക്കുള്ള വഴിയില്‍ വന്‍ സൈന്യത്തെ വിന്യസിച്ചശേഷമായിരുന്നു രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം നാലു വരെ റെയ്ഡ് നടത്തിയത്. എന്തിനായിരുന്നു റെയ്ഡ് എന്നറിയില്ലെന്ന് ലോയിക്ക രൂപത ചാന്‍സല്‍ ഫാ. ഫ്രാന്‍സിസ് സോയനെയിംഗ് പറഞ്ഞു.

ഫെബ്രുവരി ഒന്നിനു പട്ടാളം മ്യാന്‍മറിന്റെ ഭരണം പിടിച്ചെടുത്തശേഷം ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണങ്ങളും റെയ്ഡുകളും പതിവായി മാറിയിട്ടുണ്ട്. ഒക്ടോബറില്‍ രണ്ടു ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് സര്‍ക്കാര്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിന് ഇരയായത്. കിഴക്കന്‍ സംസ്ഥാനമായ ചിന്നിലെ പ്രാദേശിക പോരാളികളും ഭരണകൂട അനുകൂലികളും തമ്മിലുള്ള പോരാട്ടത്തിനിടയില്‍ ഫലാം നഗരത്തിലെ ബാപ്റ്റിസ്റ്റ് ദേവാലയം പൂര്‍ണ്ണമായും തകര്‍ന്നു. ബാപ്റ്റിസ്റ്റ് ദേവാലയത്തിന് പുറമേ, രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കായാ സംസ്ഥാനത്തിലെ ലോയികാ രൂപതയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയവും ആക്രമണത്തിനിരയായി. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിതീര്‍ത്ത ദേവാലയത്തിലെ മേല്‍ക്കൂരക്കും ഭിത്തികള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിരിന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0