Gujarat's Rajkot Fire: ഗുജറാത്തിലെ ഗെയ്മിങ് സെന്ററില്‍ തീപിടിത്തം; കുട്ടികളടക്കം 25 മരണം; നിരവധി പേർക്ക് പരിക്ക്
ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയ്മിങ് സെന്ററില്‍ വന്‍ തീപിടിത്തം. അപകടത്തിൽ 25 പേര്‍ മരിച്ചു. ഇതിൽ 12 പേർ കുട്ടികളാണെന്നാണ് റിപ്പോർട്ടുകൾ. ടിആർപി ഗെയിം സോണിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. തീയണക്കാനുള്ള ശ്രമം തുടരുന്നു. അപകടം എ.സിയില്‍ പൊട്ടിത്തെറി ഉണ്ടായതിനെത്തുടര്‍ന്നെന്ന് സൂചന.
സംഭവത്തിൽ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. താല്‍ക്കാലികമായി നിര്‍മിച്ച ഗെയിമിങ് സെന്ററിലാണ് അപകടം. ഇതിന്റെ ഉടമ യുവരാജ് സിങ് സോളങ്കിക്കെതിരെ കേസെടുത്തു. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞതിനാൽ ഡിഎൻഎ പരിശോധന വേണ്ടി വന്നേക്കുമെന്ന് രാജ്കോട്ട് പൊലീസ് കമ്മിഷണർ രാജു ഭാർഗവ പറഞ്ഞു.
അപകടത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയ അനുശോചനം രേഖപ്പെടുത്തി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു