കുട്ടികള്‍ക്ക് കാറില്‍ പ്രത്യേക സീറ്റ് വേണം; ബൈക്കില്‍ ഹെല്‍മറ്റ് നിര്‍ബന്ധം; ലംഘിച്ചാല്‍ ഡിസംബര്‍ മുതല്‍ പിഴ

Oct 9, 2024 - 07:59
 0
കുട്ടികള്‍ക്ക് കാറില്‍ പ്രത്യേക സീറ്റ് വേണം; ബൈക്കില്‍ ഹെല്‍മറ്റ് നിര്‍ബന്ധം; ലംഘിച്ചാല്‍ ഡിസംബര്‍ മുതല്‍ പിഴ

കുട്ടികള്‍ക്ക് കാര്‍ യാത്രയ്ക്ക് പ്രത്യേക സീറ്റ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹന വകുപ്പ്. കേന്ദ്ര വാഹന ചട്ടം അനുസരിച്ച് 14 വയസുവരേയുള്ള കുട്ടികള്‍ക്കാണ് കാര്‍ യാത്രയ്ക്ക് പ്രത്യേക സീറ്റ് നിര്‍ബന്ധമാക്കുന്നത്. ഒന്ന് മുതല്‍ നാല് വയസുവരേയുള്ള കുട്ടികള്‍ക്ക് കാറുകളുടെ പിന്‍ സീറ്റില്‍ പ്രത്യേക സീറ്റ് നിര്‍ബന്ധമാക്കും. 14 വരേ പ്രായമുള്ള കുട്ടികള്‍ക്ക് ഉയരത്തിന് അനുസരിച്ച് പ്രത്യേക മാതൃകയിലുള്ളസീറ്റുമായിരിക്കും ഇനിമുതല്‍. നിയമം പാലിക്കാത്തവരില്‍നിന്ന് ഡിസംബര്‍ മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇരുചക്ര വാഹനങ്ങളിലെ യാത്രകള്‍ക്ക് നാലുവയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കും. ഇരുചക്ര വാഹനങ്ങളില്‍ യാത്രചെയ്യുന്ന കുട്ടികളെ രക്ഷിതാക്കളുമായി ഒരു ബെല്‍റ്റ് ഉപയോഗിച്ച് ബന്ധിക്കുന്നത് അപകടങ്ങള്‍ ഒഴിവാക്കുമെന്നും ഗതാഗത വകുപ്പ് പറഞ്ഞു. പല കുട്ടികളും ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ ഉറങ്ങിപ്പോകുന്നതിനാലാണ് ഇത് നിര്‍ദേശിക്കുന്നതെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

കുട്ടികള്‍ അപകടത്തില്‍പ്പെട്ടാല്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്വമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. നാലുവയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കാറില്‍ പ്രത്യേക ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാണ്. കാറിന്റെ പിന്‍സീറ്റിലായിരിക്കണം ഇത്. നവജാതശിശുക്കള്‍ക്കും ഇത്തരത്തില്‍ പ്രത്യേക ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാണ്.