ഉഷ്ണതരംഗം- 110 കോടിയുടെ കൃഷിനാശം; ഇടുക്കിയിലെ ഏക്കറുകണക്കിന് ഏലത്തോട്ടങ്ങള്‍ നശിച്ചു

May 9, 2024 - 17:01
 0
ഉഷ്ണതരംഗത്തില്‍ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് വന്‍ തിരിച്ചടി. കഴിഞ്ഞ ഒരു മാസത്തിനിടെ 110 കോടിയിലേറെ രൂപയുടെ കൃഷിനാശമാണ് മലയോര മേഖലയില്‍ മാത്രം ഉണ്ടായിരിക്കുന്നത്.  ഇടുക്കി, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വിളനാശം.
ജലസേചന സ്രോതസ്സുകള്‍ പൂര്‍ണ്ണമായും വറ്റി വരണ്ടതോടെ നെല്ല്, വാഴ, പച്ചക്കറി, കുരുമുളക്, കാപ്പി കൊക്കോ,ഏലം തുടങ്ങിയ പ്രധാന വിളകള്‍ക്കെല്ലാം കടുത്ത നാശനഷ്ടമാണ് ഉണ്ടായത്. 30 വര്‍ഷത്തിനിടയിലുള്ള ഏറ്റവും വലിയ വരള്‍ച്ച എന്നാണ് വയനാട്, ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ പറയുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ഏലം, കുരുമുളക്, കാപ്പി എന്നിവയ്ക്ക് കൂട്ടത്തോടെ നശിച്ചിട്ടും സര്‍ക്കാര്‍ ഇടപെടലുകള്‍ വൈകുകയാണെന്ന് കര്‍ഷകര്‍ക്ക് പരാതിയുണ്ട്. നഷ്ടം ഉണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ പ്രഖ്യാപിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ നഷ്ടം ഉണ്ടാകാതിരിക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുകളും ആവശ്യമാണെന്ന് ഇവര്‍ പറയുന്നു.

ഇടുക്കിയിലെ ഏലം ഉത്പാദക കേന്ദ്രങ്ങളില്‍ തുടരുന്ന വരള്‍ച്ച ഏലം കര്‍ഷകര്‍ക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇടുക്കിയിലെ ഏലം മേഖലയില്‍ വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യമുണ്ടാകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് വണ്ടന്‍മേട്, പാത്തുമുറി, ശാന്തന്‍പാറ, നെടുങ്കണ്ടം, കട്ടപ്പന, ആനവിലാസം, ചക്കുപള്ളം തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍തോതില്‍ ഏലത്തോട്ടങ്ങള്‍ നശിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0