നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പെൺകുട്ടി മരിച്ചു; 25ഓളം പേർക്ക് പരിക്ക്

Apr 15, 2025 - 14:46
 0
നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പെൺകുട്ടി മരിച്ചു; 25ഓളം പേർക്ക് പരിക്ക്
എറണാകുളം നേര്യമംഗലം മണിയമ്പാറയില്‍ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ബസിനടിയിൽ കുടുങ്ങിയ പെൺകുട്ടി മരിച്ചു. ബസിനടിയിൽപ്പെട്ട കുട്ടിയെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കട്ടപ്പന കീരിത്തോട് സ്വദേശിനി തേക്കുന്നത്ത് അനിൻഡ ബെന്നി (14) ആണ് മരിച്ചത്. ഇടുക്കി കഞ്ഞിക്കുഴി എസ് എൻ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഫയർ ഫോഴ്സ് എത്തി കുട്ടിയെ കോതമംഗലം ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

അപകടത്തിൽ 25ഓളം പേർക്ക് പരിക്കുണ്ട്. ഒരു യുവാവിന്റെ പരിക്ക് ഗുരുതരമാണ്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരം. അപകടത്തില്‍ മറിഞ്ഞ ബസിന് അടിയില്‍ പെണ്‍കുട്ടി കുടുങ്ങുകയായിരുന്നു. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസ് ഡിവെെഡറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് റിപ്പോർട്ട്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയശേഷമാണ് പെൺകുട്ടിയെ പുറത്തെടുത്തത്.

അപകടവിവരം അറിഞ്ഞ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മൃതദേഹം കട്ടപ്പന ആശുപത്രിയിൽ. പരിക്കേറ്റവരെ 20 പേരേ കോതമംഗലത്തെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ.