ഗാസ സിറ്റിയില്‍ കനത്ത ആക്രമണവുമായി ഇസ്രയേല്‍; ആക്രമണത്തിന് പരിചയാകാന്‍ ബന്ദികളെ തുരങ്കങ്ങളില്‍ നിന്ന് ടെന്റുകളിലേക്ക് മാറ്റി ഹമാസ്

Sep 16, 2025 - 09:48
 0
ഗാസ സിറ്റിയില്‍ കനത്ത ആക്രമണവുമായി ഇസ്രയേല്‍; ആക്രമണത്തിന് പരിചയാകാന്‍ ബന്ദികളെ തുരങ്കങ്ങളില്‍ നിന്ന് ടെന്റുകളിലേക്ക് മാറ്റി ഹമാസ്

ഗാസ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തില്‍ തെക്കന്‍ ദേശത്തേക്ക് പലായനം ചെയ്ത് ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമത്തില്‍ പലസ്തീനികള്‍. ഇസ്രായേലി ബോംബാക്രമണത്തില്‍  കുടുംബങ്ങള്‍ തെക്ക് പ്രദേശത്തേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. ഗാസയിലെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് അര്‍ദ്ധരാത്രി മുതല്‍ ഇസ്രായേല്‍ സൈന്യം ആക്രമണം അഴിച്ചുവിട്ടിരുന്നു. റിമാല്‍ പ്രദേശത്തെ ഒരു ടെന്റ് ആക്രമണത്തില്‍ തകരുകയും മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പലസ്തീനികള്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി പലസ്തീന്‍ കുടുംബങ്ങള്‍ അഭയം തേടുകയാണ്.

ഗാസ നഗരത്തിലെ അല്‍ജാലയിലും വീണ്ടും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്, ഇവിടെ 10 പലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നുവെന്ന് അല്‍ജസിറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസിനെതിരായ ഇസ്രയേല്‍ സൈന്യത്തിന്റെ ആസൂത്രിത ആക്രമണത്തിന് മുന്നോടിയായി മൂന്ന് ലക്ഷത്തിലധികം പലസ്തീനികള്‍ ഗാസ സിറ്റിയില്‍നിന്ന് ഗാസ മുനമ്പിലെ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്തതായി ഇസ്രായേല്‍ പ്രതിരോധ സേന(ഐഡിഎഫ്)യുടെ പുതിയ കണക്കുകള്‍ പറയുന്നു. ഇന്നലെ രാത്രി മാത്രം 20,000 പേര്‍ ഗാസ സിറ്റി വിട്ടതായാണ് സൂചന.

ഗാസ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രയേലിന്റെ സൈനിക നടപടി തടയാനായി ബന്ദികളെ ഹമാസ് വീടുകളിലേക്കും ടെന്റുകളിലേക്കും മാറ്റിയതായി ഇസ്രയേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ബന്ദികളെ പരിച പോലെ ഉപയോഗിക്കാനായാണ് സുരക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് ടെന്റുകളിലേക്ക് മാറ്റിയതെന്നാണ് വിവരം. ഹമാസ് പുറത്തുവിട്ട ഒരു വീഡിയോയില്‍ ബന്ദിയായ തന്റെ മകന്‍ ഗില്‍ബോവ ദലാല്‍ ഒരു കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നതായി അമ്മ പറഞ്ഞിരുന്നു. ഇസ്രയേലിലെ കാന്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ ബന്ദികളെ ഹമാസ് ടെന്റിലേക്കും വീടുകളിലേക്കും മാറ്റിയെന്ന് പറയുന്നത്.

ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി, പത്ത് ലക്ഷത്തോളം പലസ്തീനികള്‍ അഭയം പ്രാപിച്ചിരിക്കുന്ന ഗാസ നഗരം പിടിച്ചെടുക്കാന്‍ പദ്ധതിയിടുന്നതായി ഇസ്രായേല്‍ നേരത്തെ അറിയിച്ചിരുന്നു. പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പിന്റെ അവസാനത്തെ കോട്ടയെന്ന് വിശേഷിപ്പിച്ചാണ് ഇസ്രയേല്‍ സ്ഥലത്ത് ആക്രമണം ശക്തമാക്കിയിട്ടുള്ളത്. പത്ത് ലക്ഷത്തിലധികം പലസ്തീനികള്‍ ഗാസ സിറ്റിയില്‍ താമസിച്ചിരുന്നതായാണ് കണക്ക്. ആക്രമണത്തിന് മുന്നോടിയായി ഗാസ സിറ്റിയിലെ എല്ലാവരും ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് കഴിഞ്ഞയാഴ്ച ഐഡിഎഫ് ഉത്തരവിട്ടിരുന്നു. ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്ത് ഇസ്രയേല്‍ നിശ്ചയിച്ച മാനുഷിക മേഖലയിലേക്ക് പോകാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0