ചക്രവാതച്ചുഴിക്കൊപ്പം ന്യൂനമര്‍ദപാത്തിയും; കേരളത്തില്‍ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

May 19, 2022 - 15:21
 0

സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴിയും വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നതാണ് കേരളത്തില്‍ മഴ ശക്തമാകാന്‍ കാരണം. ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 21 വരെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ, തീരദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുത്.

വടക്കന്‍ കേരളത്തില്‍ പല പ്രദേശത്തും വീടുകളില്‍ വെള്ളം കയറി. ആലപ്പുഴ ആറാട്ടുപുഴ പ്രദേശത്ത് കടലാക്രമണം രൂക്ഷമാണ്. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക അടിയന്തരമായി തയാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.